സിനിമയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിയെ സര്‍ക്കാര്‍ ആദരിക്കും

17

സിനിമയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും. സാംസ്‍കാരിക മന്ത്രി സജി ചെറിയാനാണ് തീരുമാനം നിയമസഭയില്‍ അറിയിച്ചത്. ഈ മാസം ആറിനാണ് മമ്മൂട്ടി സിനിമയില്‍ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത്. മമ്മൂട്ടി ആദ്യം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ റിലീസ് ചെയ്യപ്പെട്ടത് 1971 ആഗസ്റ്റ് ആറിനാണ്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആരാധകരും സിനിമാപ്രവര്‍ത്തകരുമാണ് തങ്ങളുടെ പ്രിയതാരത്തിന് ആശംസകള്‍ നേര്‍ന്നതും തങ്ങളുടെ മമ്മൂട്ടി അനുഭവങ്ങള്‍ പങ്കുവച്ചതും. എന്നാല്‍ കരിയറിലെ മറ്റു പല നാഴികക്കല്ലുകളും ആഘോഷിക്കാതിരുന്നതുപോലെ ഈ ദിവസവും സാധാരണ പോലെയാണ് മമ്മൂട്ടിയുടെ ജീവിതത്തിലൂടെ കടന്നുപോയത്. എന്നാല്‍ ആശംസകള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം നന്ദി അറിയിച്ചിരുന്നു. ‘ഓരോരുത്തരില്‍ നിന്നുമുള്ള ഈ സ്‍നേഹം എന്നെ കീഴടക്കിയിരിക്കുന്നു. എന്‍റെ സഹപ്രവര്‍ത്തകരും എല്ലായിടത്തുനിന്നുമുള്ള ആരാധകരും. നിങ്ങള്‍ ഓരോരുത്തരോടും നന്ദി’, മമ്മൂട്ടി സമൂഹമാധ്യമത്തിൽ പങ്കുവെച്ചു.