Home Kerala Calicut മലയാള സിനിമയുടെ ചിരി ഖൽബ് ഒഴിഞ്ഞു: നടൻ മാമുക്കോയ വിട വാങ്ങി

മലയാള സിനിമയുടെ ചിരി ഖൽബ് ഒഴിഞ്ഞു: നടൻ മാമുക്കോയ വിട വാങ്ങി

0
മലയാള സിനിമയുടെ ചിരി ഖൽബ് ഒഴിഞ്ഞു: നടൻ മാമുക്കോയ വിട വാങ്ങി

നടന്‍ മാമുക്കോയ (76) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോടൻ ഭാഷയും സ്വാഭാവികനർമ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലുള്ള പ്രതിഭകൾ റോളിനായി ശുപാർശ ചെയ്ത പ്രതിഭയായിരുന്നു മാമുക്കോയ. പള്ളിക്കണ്ടിയെന്നാൽ അറബിക്കടലും കല്ലായിപ്പുഴയും മിണ്ടിത്തുടങ്ങുന്ന കോഴിക്കോട്ടെ തീരദേശഗ്രാമം. അവിടെയാണ് മാമുക്കോയ ജനിച്ച് വളർന്നത്. ഹൈസ്കൂൾ പഠനം കഴിഞ്ഞ് നാട്ടിലെ മറ്റു പല ചെറുപ്പക്കാരെയും പോലെ കല്ലായിപ്പുഴയോരത്തെ മരമില്ലുകളിൽ ജോലിക്ക് പോയി.

FB IMG 1682499971284

എണ്ണം തടികളളക്കുന്നതിൽ മിടുക്കനായി. കെടി മുഹമ്മദും വാസുപ്രദിപും മറ്റും മലബാറിന്റെ നാടകവേദികളെ ഇളക്കിമറിച്ച ആ കാലത്ത് മാമുക്കോയയും നാടകത്തിന് പിന്നാലെയായിരുന്നു. 1979 ൽ അന്യരുടെ ഭൂമിയെന്ന സിനിമയിൽ ചെറിയ വേഷം ചെയ്തു. 1982ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശ പ്രകാരം സുറുമിയിട്ട കണ്ണുകളിൽ മറ്റൊരു വേഷം. കാര്യമായ ശ്രദ്ധ കിട്ടിയില്ല. 4 കൊല്ലം കഴിഞ്ഞ് ആ സിനിമ വന്നു. സിബി മലയിലിന്റെ ദൂരെദൂരെ കൂടു കൂട്ടാം. എന്ന് വെച്ചാൽ മോഹൻലാൽ മാഷിന്റെ സാൾട്ട് മാംഗോ ട്രീ സിനിമ. കോയ മാഷ് ക്ലിക്കായി. തനി കോഴിക്കോടൻ നാടൻ വർത്തമാനം.

FB IMG 1682499979309

കൂസാത്ത കൗണ്ടറുകൾ പറയുന്ന കല്ലായിയിലെ പഴയ മരഅളവുകാരനെ കണ്ട് ജനം ആർത്തു ചിരിച്ചു. പിന്നിട് മാമുക്കോയ തിരിഞ്ഞ് നോക്കിയിട്ടില്ല, ശ്രീനിവാസനെന്ന തിരക്കഥാകൃത്തും സത്യനന്തിക്കാടെനന്ന സംവിധായകനും ചേർന്ന് മലയാള സിനിമയെ മറ്റൊരു വഴിയിലൂടെ നടത്തിയപ്പോൾ കൂടെ സ്ഥിരമായുണ്ടായിരുന്നത് മാമുക്കോയയാണ്.  നാടോടിക്കാറ്റിലെ ഗഫൂർ… സന്ദേശത്തിലെ എകെ പൊതുവാളെന്നിങ്ങനെ നമ്മുടെ ചുറ്റുവട്ടത്ത് കാണുന്ന മനുഷ്യരെ പോലെ മാമുക്കോയ സ്ക്രീനിൽ നിറഞ്ഞു നിന്നു. പ്രിയദർശനും സിദ്ദീഖ് ലാലുമൊക്കെ മാമുക്കോയയുടെ കോഴിക്കോടൻ ഹാസ്യത്തിന് മാറ്റുകൂട്ടി. 30 വർഷം മുമ്പുള്ള  മാമുക്കോയയുടെ സംഭാഷണങ്ങൾ പലതും പുതുതലമുറയ്ക്ക് തഗ് ലൈഫാണ്. സംഭാഷണത്തിലെ ഉരുളക്കുപ്പേരി മറുപടികൾ പലതും മാമുക്കയുടെ സംഭാവനകളായിരുന്നു.  തമാശവേഷങ്ങൾക്കിടെ തേടി വന്ന ചില  വേഷങ്ങൾ മാമുക്കോയയിലെ സ്വാഭാവിക നടനെ പുറത്ത് കൊണ്ട് വന്നു.  

FB IMG 1682499994793

പെരുമഴക്കാലത്തെ അബ്ദു അതിലൊന്നായിരുന്നു. ഒടുവിൽ ചെയ്ത കുരുതിയിലെ മൂസാക്ക  ആ നടനിലെ തീപ്പൊരി അണഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. കുതിരവട്ടം പപ്പുവും  വൈക്കം മുഹമ്മദ് ബഷീറുമായിരുന്നു മാമുക്കോയക്ക് വഴികാട്ടിയ രണ്ട് പേർ. അവരെക്കുറിച്ച് രസകരമായ ഓർമ്മകൾ പങ്ക് വെക്കുമായിരുന്നു മാമുക്കോയ. 250 ലേറെ കഥാപാത്രങ്ങൾ. ഒരു കാലത്തും പഴകാത്ത തമാശകൾ. ഏത് തിരക്കിലും അരക്കിണറിലേയും കോഴിക്കോട് നഗരത്തിലും താരജാഡയില്ലാതെ നടന്ന മനുഷ്യൻ.. സിനിമയോടല്ലാതെ മറ്റൊന്നിനോടും വിധേയത്വമില്ലായിരുന്നു മാമുക്കോയക്ക്. മനസ്സിലുള്ളത് വെട്ടിത്തുറന്ന് പറയുന്ന മാമുക്കോയ മിക്കപ്പോഴും നിലപാടുകളുടെ പേരിലും പ്രശംസിക്കപ്പെട്ടു. മാമുക്കോയ വിടപറയുമ്പോൾ പപ്പുവിന് പിന്നാലെ കോഴിക്കോടിനെ സിനിമയിൽ അടയാളപ്പെടുത്തിയ ഒരു ശൈലിയാണ് മാഞ്ഞ് പോകുന്നത്. നടൻ ഇന്നസെന്റിന് പിന്നാലെ മാമുക്കോയയുടെ വിയോഗം മലയാള സിനിമക്കുണ്ടാക്കുന്ന നഷ്‌ടം വലുതാണ്.

FB IMG 1682499279754

സോഷ്യല്‍ മീഡിയ സജീവമായ കാലത്താണ് മാമുക്കോയ എന്ന നടന് തഗ്ഗുകളുടെ രാജാവ് എന്ന് പട്ടം കിട്ടിയത്. ഈ നടന്റെ കഥാപാത്രങ്ങളും ഡയലോഗുകളും ട്രോളുകളും മീമുകളുമായി അത്രമേല്‍ ആഘോഷിച്ചിട്ടുണ്ട് പുതിയ തലമുറ. ഇന്ന് മാമുക്കോയ യാത്രയാകുമ്പോള്‍ ബാക്കിയാവുന്നത് ഈ അനശ്വരമായ അത്രമേല്‍ പ്രേക്ഷകരെ ചിരിപ്പിച്ച കഥാപാത്രങ്ങളും അതിഗംഭീര തഗ്ഗുകളും.
ഉരുളക്കുപ്പേരി പോലെയാണ് മാമുക്കോയയുടെ കഥാപാത്രങ്ങള്‍ മറുപടി പറഞ്ഞിരുന്നത്. തിരക്കഥയിലുണ്ടായിരുന്ന സംഭാഷണങ്ങള്‍ക്ക് പുറമേ പലതും സ്വന്തം കയ്യില്‍ നിന്ന് എടുത്തിടുന്നതാണ്.

FB IMG 1682499437782

മലയാളത്തിലെ ഹാസ്യസാമ്രാട്ടുകളുടെ കൂട്ടത്തില്‍ തന്നെ തഗ്ഗുകളുടെ സുല്‍ത്താനായി അവരോധിച്ചതില്‍ അതിയായ സന്തോഷമുണ്ടായിരുന്നു മാമുക്കോയയ്ക്ക്. അതെക്കുറിച്ച് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.
”ആള്‍ക്കാര്‍ ഇതിനെക്കുറിച്ച് ഓര്‍ത്ത് സന്തോഷിക്കുന്നുണ്ടെങ്കില്‍ അത് നല്ല കാര്യമല്ലേ. മിക്ക സിനിമകളിലും നല്ല രീതിയില്‍ തന്നെ കോമഡി എഴുതി വച്ചിട്ടുണ്ടായിരുന്നതോണ്ട് നമുക്ക് വലിയ പണിയില്ലായിരുന്നു. ചില സിനിമകളില്‍ നമ്മുടെ വകയും കയ്യീന്ന് ഇടേണ്ടി വന്നിട്ടുണ്ട്.
ഈ ട്രോളിന് ഉപയോഗിച്ചിരിക്കുന്നതെല്ലാം പത്തിരുപത് വര്‍ഷം മുന്‍പുള്ള സിനിമകളാണ്. അന്നത്തെ ആള്‍ക്കാര്‍ ഇതത്ര ആസ്വദിച്ചോ എന്നറിയില്ല. അന്ന് ജനിച്ചിട്ട് പോലുമില്ലാത്ത മിടുക്കന്മാരായ കുട്ടികളാണ് ഇപ്പോഴത് ആസ്വദിക്കുകയും ഭംഗിയായി എഡിറ്റ് ചെയ്യുകയും വൈറലാക്കുകയും ചെയ്യുന്നത്, ഇത് കാണുന്നത് തന്നെ മനസിന് വലിയ സന്തോഷമുള്ള കാര്യമാണ്.
തഗ് ലൈഫ് സുല്‍ത്താനെന്ന വിളിയെക്കുറിച്ച് ചോദിച്ചപ്പോള്‍ സ്വതസിദ്ധമായ ശൈലിയില്‍ മാമുക്കോയ പറഞ്ഞു.. അവര് സുല്‍ത്താനെന്നല്ല മഹാരാജാവെന്ന് പറഞ്ഞാലും സന്തോഷേള്ളൂ ..ഞാനിതൊക്കെ ആസ്വദിക്കാണ്…”

IMG 20230426 WA0094


മാമുക്കോയയുടെ കഥാപാത്രങ്ങളെക്കുറിച്ചുള്ള കടന്നു ചെല്ലുമ്പോള്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത ഒരാളുണ്ട്. മന്ത്രമോതിരത്തിലെ ചായക്കടക്കാരന്‍ അബ്ദു. ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപും കലാഭവന്‍ മണിയുമായിരുന്നു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പാപ്പിയുടെ (കലാഭവന്‍ മണി) സംവിധാനത്തില്‍ ശാകുന്തളം ബാലെ ഒരുങ്ങുകയാണ്.

FB IMG 1682513135925

കുമാരനാണ് (ദിലീപ്) ദുഷ്യന്തന്‍. മാമുക്കോയ മഹര്‍ഷിയും. തപോവനത്തിലെ മുനികന്യകയെ വണ്ടുകള്‍ ഉപദ്രവിക്കുന്നതിനെക്കുറിച്ച് ദുഷ്യന്തന്‍ പറയുമ്പോള്‍ മഹര്‍ഷിയുടെ മറുപടി ഇങ്ങനെ,
”പടച്ചോനെ വണ്ട് ന്ന് വച്ചാ എജ്ജാതി വണ്ട്, അത് രണ്ട് മൂന്നൊറ്റയാണോ, പത്ത് നാല്‍പ്പത് വണ്ട് കൂടിയിട്ടല്ലേ ഈ പെണ്ണിനെ പീഡിപ്പിക്കുന്നത്.”
അബ്ദുവിന്റെ ഡയലോഗ് കേട്ട്, കുമാരന്‍ ഇങ്ങനെ പറയുന്നു, ”അബ്ദുക്ക നിങ്ങളിതില്‍ മഹര്‍ഷിയാ, അല്ലാതെ മുസ്ലിയാരല്ല, മാപ്പിള ഭാഷ പറഞ്ഞ് നാടകം കൊളമാക്കരുത് ട്ടോ.”
അപ്പോള്‍ അബ്ദു; ”കുമാരാ നിനക്ക് ഈയിടെയായി അല്‍പ്പം വര്‍ഗീയത കൂടുന്നുണ്ട്. എടോ കലാകാരന്‍മാര്‍ തമ്മില്‍ വര്‍ഗീതയ പാടില്ല. മലബാറില്‍ ഏത് മഹര്‍ഷി ജനിച്ചാലും ഇങ്ങനേ പറയുള്ളൂ. അതുകൊണ്ടല്ലേ ഈ അബ്ദുക്ക പച്ചമലയാളത്തില്‍ പറഞ്ഞത് എനിക്ക് സന്യാസീം മഹര്‍ഷീം വേണ്ട, ദുഷ്യന്തന്‍ ആയിക്കോളാന്ന്….” ഇതൊരു ഉദാഹരണം മാത്രം, എണ്ണിയാലൊടുങ്ങില്ല അത്രമേല്‍ പ്രേക്ഷകരെ ചിരിപ്പിച്ച മാമുക്കോയയുടെ ഡയലോഗുകള്‍.

FB IMG 1682499468254

സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ എന്നിവരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു മാമുക്കോയ. നാടോടിക്കാറ്റിലെ തട്ടിപ്പുകാരന്‍ ഗഫൂര്‍ക്ക, സന്ദേശത്തിലെ കെ. ജി. പൊതുവാള്‍, ചന്ദ്രലേഖയിലെ പലിശക്കാരന്‍, വെട്ടത്തിലെ ഹംസക്കോയ/ രാമന്‍ കര്‍ത്താ, മഴവില്‍ക്കാവടിയിലെ കുഞ്ഞിഖാദര്‍, റാംജിറാവു സ്പീക്കിംഗിലെ ഹംസക്കോയ, വരവേല്‍പ്പിലെ ഹംസ, പ്രാദേശിക വാര്‍ത്തകളിലെ ജബ്ബാര്‍, കണ്‍കെട്ടിലെ ഗുണ്ട കീലേരി അച്ചു, ഡോക്ടര്‍ പശുപതിയിലെ വേലായുധന്‍ കുട്ടി, തലയണമന്ത്രത്തിലെ കുഞ്ഞനന്തന്‍ മേസ്തിരി, നരേന്ദ്രന്‍ മകന്‍ ജയകാന്തനിലെ സമ്പീശന്‍, കളിക്കളത്തിലെ പോലീസുകാരന്‍, ഹിസ് ഹൈനസ് അബ്ദുള്ളയില്‍ ജമാല്‍, കൗതുക വാര്‍ത്തകളിലെ അഹമ്മദ് കുട്ടി, മേഘത്തിലെ കുറുപ്പ്, പട്ടാളത്തിലെ ഹംസ, മനസ്സിനക്കരയിലെ ബ്രോക്കര്‍, പെരുമഴക്കാലത്തിലെ അബ്ദു, ബ്യാരി എന്ന ചിത്രത്തിലെ കഥാപാത്രം, ഉസ്ദാത് ഹോട്ടലിലെ ഉമ്മര്‍, കെ.എല്‍ 10 പത്തിലെ ഹംസക്കുട്ടി, ആട് 2 ലെ ഇരുമ്പ് അബ്ദുള്ള, മരയ്ക്കാര്‍ അറബിക്കടലിലെ സിംഹത്തിലെ അബൂബക്കര്‍ ഹാജി, കുരുതിയിലെ മൂസാ ഖാലിദ്, മിന്നല്‍ മുരളിയിലെ ഡോക്ടര്‍ നാരായണന്‍ തുടങ്ങിയവയെല്ലാം ശ്രദ്ധേയകഥാപാത്രങ്ങളാണ്. 2001 ല്‍ സുനില്‍ സംവിധാനം ചെയ്ത കോരപ്പന്‍ ദ ഗ്രേറ്റ്, ഇ.എം അഷ്റഫിന്റെ സംവിധാനത്തില്‍ 2023 ല്‍ പുറത്തിറങ്ങിയ ഉരു എന്നീ ചിത്രങ്ങളില്‍ നായകനായി. മലയാളത്തിന് പുറമേ തമിഴ് ചിത്രങ്ങളിലും മാമുക്കോയ അഭിനയിച്ചിട്ടുണ്ട്. അരങ്ങേട്ര വേലൈ, കാസ്, കോബ്ര തുടങ്ങിയവയാണ് തമിഴ്ചിത്രങ്ങള്‍.
കോമഡി മാത്രമല്ല ഗൗരവമുള്ള വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച കലാകാരന്‍ കൂടിയായായിരുന്നു അദ്ദേഹം.

FB IMG 1682499287760

പെരുമഴക്കാലത്തിലെ അബ്ദു അതിനുദാഹരണമായിരുന്നു. ഈ കഥാപാത്രത്തിനെ അനശ്വരമാക്കിയതിന് 2004 ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മാമുക്കോയയ്ക്ക് പ്രത്യക ജൂറി പരാമര്‍ശം ലഭിച്ചു, ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന് 2008 ല്‍ മികച്ച ഹാസ്യനടനായി തിരഞ്ഞെടുക്കപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് അഭിമുഖത്തില്‍ മാമുക്കോയ താന്‍ നേരിട്ട ആരോഗ്യപ്രശ്നങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

FB IMG 1682499449747

ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് നെഞ്ചുവേദന വന്നതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിട്ടുണ്ട്. രണ്ട് സ്റ്റെന്റും ഇട്ടു. ഒരു ബ്ലോക്ക് കൂടിയുണ്ടായിരുന്നതിനാല്‍ ബൈപ്പാസ് ചെയ്യണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ‘കുരുതി’യിലെ മൂസാ ഖാലിദായി തിരശ്ശീലയില്‍ തിളങ്ങിനിന്ന സമയത്താണ് മാമുക്കോയ അര്‍ബുദത്തെ നേരിടുന്നത്. 33 റേഡിയേഷനും ആറു കീമോതെറാപ്പിക്കും വിധേയനായി. തൊണ്ടയിലായിരുന്നു കാന്‍സര്‍ ബാധിച്ചത്. എല്ലാം വരുന്നിടത്തുവെച്ചുകാണാം എന്ന രീതിയാണ് മാമുക്കോയ ജീവിതത്തില്‍ സ്വീകരിച്ച് പോന്നത്. ജീവിതത്തില്‍ നമുക്ക് അസുഖം വരുമെന്നും അപ്പോള്‍ നിലവിളിച്ചിട്ട് കാര്യമില്ലെന്നും പറഞ്ഞിട്ടുള്ള മാമുക്കോയ പ്രതിസന്ധികളെ അതിജീവിക്കണമെന്നും മാനസികാവസ്ഥയാണ് പ്രധാനമെന്നും അടിയുറച്ച് വിശ്വസിച്ചു. അഷ്റഫ് ഹംസ സംവിധാനം ചെയ്ത സുലൈഖ മന്‍സിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രങ്ങളിലൊന്ന്. ഈ സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരവേയാണ് മാമുക്കോയയുടെ അപ്രതീക്ഷിത വിയോഗം.

LEAVE A REPLY

Please enter your comment!
Please enter your name here