താര നിറവിൽ മോഹൻലാലിന്റെ ‘ബാറോസ്’ പൂജ; ആശംസകളുമായി സിനിമാ ലോകം

8

മോഹൻലാൽ സംവിധായകനായെത്തുന്ന ബറോസിന്‍റെ ചിത്രീകരണം ഇന്ന് ആരംഭിക്കും. ചിത്രത്തിന്‍റെ പൂജാ ചടങ്ങുകൾ എറണാകുളത്ത് നടന്നു. മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, സത്യൻ അന്തിക്കാട്, സിബി മലയിൽ തുടങ്ങി താരനിബിഡമായ സദസിലായിരുന്നു ചിത്രത്തിന്‍റെ പൂജാ ചടങ്ങുകൾ നടന്നത്. ചടങ്ങുകൾ മോഹൻലാലിന്‍റെ ഫേസ്ബുക്ക് പേജിലൂടെ ലൈവായി സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു.

പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ മോഹൻലാൽ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ‘ബാറോസ്: ഗാർഡ്യൻ ഓഫ് ഡി’ഗാമാസ് ട്രെഷർ’. കുട്ടികൾക്ക് വേണ്ടി 3D യിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ നിലവിൽ കൊച്ചിയിലെ നവോദയ സ്റ്റുഡിയോയിൽ പുരോഗമിക്കുകയാണ്. ജിജോ പുന്നൂസ് ആണ് തിരക്കഥാകൃത്ത്. ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, പ്രതാപ് പോത്തൻ എന്നിവർ വേഷമിടുന്നുണ്ട്. വിദേശ നടി പാസ് വേഗ ചിത്രത്തിന്റെ ഭാഗമാണ്.

ബാറോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രെഷർ എന്ന പേരിലെ നോവൽ അടിസ്ഥാനമാക്കിയാണ് ജിജോ പുന്നൂസ് തിരക്കഥയൊരുക്കുന്നത്. ബാറോസ് എന്ന നിധിസൂക്ഷിപ്പുകാരന്റെ വേഷം മോഹൻലാൽ ചെയ്യും. ഗോവയും പോർട്ടുഗലുമാണ്‌ പ്രധാന ലൊക്കേഷനുകൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. 2019 ഏപ്രിൽ മാസത്തിലാണ് താൻ സംവിധായകനാകാൻ പോകുന്ന വിവരം മോഹൻലാൽ തന്റെ ബ്ലോഗിൽ കുറിച്ചത്.കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കുമിതെന്ന് മോഹൻലാൽ പറഞ്ഞിരുന്നു.