നടിയെ ആക്രമിച്ച കേസ്: നടൻ ദിലീപിനെയും പൾസർ സുനിയെയും വീണ്ടും ചോദ്യം ചെയ്യും

16

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപും പൾസർ സുനിയുമടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തണമെന്നവശ്യവുമായി അന്വേഷണ സംഘം കോടതിയെയും സമീപിച്ചിട്ടുണ്ട്.

Advertisement

നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. നടിയെ ആക്രമിച്ചതില്‍ ഗൂഢാലോചന നടത്തിയത് ദിലീപാണെന്നും ദൃശ്യങ്ങള്‍ കേസില്‍ പ്രതിയായ ദിലീപിന്‍റെ കൈവശം ഉണ്ടെന്നും തെളിവായി സംഭാഷണങ്ങളുണ്ടെന്നുമായിരുന്നു  സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ ആരോപണം. കേസില്‍ വിചാരണ നടക്കുന്നതിനിടെയാണ്  ബാലചന്ദ്രകുമാര്‍,  നടൻ ദിലീപിനെതിരെ പുതിയ ആരോപണങ്ങൾ ഉയർത്തിയത്.

ബാലചന്ദ്രകുമാറിന്‍റെ മൊഴി രേഖപ്പെടുത്തി സീല്‍ ചെയ്ത കവറില്‍ വിചാരണ ക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് പുറമേയാണ് മൊഴി മാറ്റം ഒഴിവാക്കുന്നതിനായി രഹസ്യമൊഴിയെടുക്കാന്‍ അന്വേഷണം സംഘം തീരുമാനിച്ചത്. ഇതിനായി കൊച്ചി സിജെഎം കോടതിയില്‍ അപേക്ഷ നല്‍കി. സിജെഎം കോടതി നിര്‍ദേശിക്കുന്ന കീഴ്ക്കോടതി രഹസ്യമൊഴി രേഖപ്പെടുത്തും.

അതേസമയം ബാലചന്ദ്രകുമാറിന്‍റെ മൊഴിയില്‍ തുടരന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിക്കും. നിലവിലെ അന്വേഷണസംഘത്തലവന്‍ ബൈജു പൗലോസിന് തന്നെയാകും മേല്‍നോട്ടച്ചുമതല. ദിലീപ് നല്‍കിയ ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ പൾസർ സുനിയെയും ദിലീപിനെയും വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം. 

Advertisement