പ്രാർത്ഥനകൾ വിഫലം: സംവിധായകൻ നരണിപ്പുഴ ഷാനവാസ്‌ ഓർമയായി

35

പ്രാർത്ഥനകൾക്കും ശ്രമങ്ങൾക്കും കഴിഞ്ഞില്ല. സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിരുന്നു.

കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ വെന്റിലേറ്ററിലായിരുന്ന ഷാനവാസിനെ ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് കൊച്ചിയിലെത്തിച്ചത്. 10.20നായിരുന്നു അന്ത്യം. രാവിലെ മസ്തിഷ്കാഘാതം സംഭവിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു.

മലപ്പുറം ജില്ലയിലെ പൊന്നാനി നരണിപ്പുഴയാണ് ഷാനവാസിന്റെ സ്വദേശം. സംവിധായകന്‍, തിരക്കഥാകൃത്ത് എന്നതിന് പുറമെ മികച്ച എഡിറ്റര്‍ കൂടിയായിരുന്നു ഷാനവാസ്.

 2015ല്‍ ഷാനവാസ് സംവിധാനം ചെയ്ത കരി എന്ന ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒട്ടനവധി ചലച്ചിത്രോത്സവങ്ങളില്‍ കരി പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമാവുകയും ചെയ്തു.

ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്.

കോവിഡ് പശ്ചാത്തലത്തില്‍ ഒ.ടി.ടി. റിലീസായെത്തിയ ആദ്യ മലയാള ചിത്രമായിരുന്നു സൂഫിയും സുജാതയും. അദിതി റാവു ഹൈദരി, കലാരഞ്ജിനി, ദേവ് മോഹന്‍, സിദ്ധിഖ് എന്നിവരായിരുന്നു മറ്റ് താരങ്ങള്‍ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവായിരുന്നു നിര്‍മാണം. പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിയാലിരുന്നു ഷാനവാസ്.