സംവിധായകൻ ടി.എസ് മോഹനൻ അന്തരിച്ചു

44

കഥാകൃത്ത്, തിരക്കഥരചയിതാവ്, നിര്‍മാതാവ്, സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധനേടിയ ടി. എസ് മോഹനന്‍ അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് എറണാകുളത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 

കൗശലം, കേളികൊട്ട്, താളം, ശത്രു, ലില്ലിപ്പൂക്കള്‍, ബെല്‍റ്റ് മത്തായി, പടയണി, വിധിച്ചതും കൊതിച്ചതും തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്  ടി.എസ്. മോഹന്‍. 

1979 ല്‍ സുകുമാരന്‍, കൃഷ്ണചന്ദ്രന്‍, വിന്‍സന്റ്, രതീഷ്, പ്രമീള, ശോഭഎന്നിവര്‍ അഭിനയിച്ച് വിജയമായ ലില്ലിപ്പൂക്കള്‍ ആയിരുന്നു ആദ്യ ചിത്രം. തുടര്‍ന്ന് മമ്മൂട്ടി, രതീഷ്, അടൂര്‍ ഭാസി, റാണി പത്മിനി, ജോസ്, വിന്‍സന്റ്, സത്താര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ വിധിച്ചതും കൊതിച്ചതും ബോക്‌സോഫീസില്‍ വിജയം നേടിയ ചിത്രമായിരുന്നു. 

1983 ല്‍ സുകുമാരന്‍, രതീഷ്, ഉണ്ണിമേരി എന്നിവര്‍ അഭിനയിച്ച ബെല്‍റ്റ് മത്തായി മറ്റൊരു വന്‍ വിജയ ചിത്രമായിരുന്നു. പ്രേംനസീര്‍, രതീഷ്, ദേവന്‍, ഉണ്ണിമേരി, അനുരാധ, ബാലന്‍ കെ നായര്‍ എന്നിവര്‍ മുഖ്യവേഷത്തിലെത്തിയ ശത്രു 1985ല്‍ റിലീസ് ചെയ്തു. ഇന്ദ്രജിത് ക്രിയേഷന്‍സിന്റെ ബാനറില്‍ നടന്‍ സുകുമാരന്‍ നിര്‍മ്മിച്ച പടയണിയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുകുമാരന്‍, ദേവന്‍, ശോഭന എന്നിവര്‍ അഭിനയിച്ചിരുന്നു, ഇതില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അഭിനയിച്ചത് ഇന്ദ്രജിത്ത് സുകുമാരനാണ്, തുടര്‍ന്ന് താളം, കേളികൊട്ട് എന്നീ ചിത്രങ്ങള്‍ ടി എസ് മോഹനന്‍ സംവിധാനം ചെയ്തു. 1993 ല്‍ ബെന്നി പി നായരമ്പലത്തിന്റെ രചനയില്‍ സിദ്ധീക്ക്, ഉര്‍വശി എന്നിവര്‍ അഭിനയിച്ച കൗശലമാണ് അവസാന ചിത്രം.