അകാലത്തിൽ വിടപറഞ്ഞ
ചലച്ചിത്ര പ്രതിഭകളെ അനുസ്മരിച്ച് ‘ഗ്രാമിക’യുടെ വാരാന്ത്യ പ്രദർശനത്തിന് പുനരാരംഭം

31

കോവിഡ് മഹാമാരിയെ തുടർന്ന് നിർത്തിവച്ച ഗ്രാമികയുടെ വാരാന്ത്യ ചലച്ചിത്ര പ്രദർശനം പുനരാരംഭിച്ചു. അടുത്തിടെ അകാലത്തിൽ വിട്ടുപിരിഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് ആദരം അർപ്പിച്ചുകൊണ്ടാണ് പ്രദർശനങ്ങൾക്ക് തുടക്കം കുറിച്ചത്.
ഗ്രാമികഫിലിം സൊസൈറ്റി പ്രസിഡണ്ട് തുമ്പൂർ ലോഹിതാക്ഷൻ്റെ അധ്യക്ഷതയിൽ മുതിർന്ന ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ആന്റണി ഈസ്റ്റ്മാൻ ഉദ്ഘാടനം ചെയ്തു.

സംവിധായകൻ ഷാനവാസ് നരണിപ്പുഴയെ അനുസ്മരിച്ച് നടനും എഴുത്തുകാരനുമായ ടി.എ.സതീശൻ സംസാരിച്ചു. നടൻ അനിൽ നെടുമങ്ങാടിനെ അനുസ്മരിച്ച് കെ.എസ്.പ്രതാപനും സംവിധായകൻ സച്ചിയെ അനുസ്മരിച്ച് ടി.യു.ഷാജിയും ഗാനരചയിതാവും കവിയുമായ അനിൽ പനച്ചൂരാനെ അനുസ്മരിച്ച് പി.ടി.സ്വരാജും സംസാരിച്ചു.


ഫിലിം സൊസൈറ്റി ട്രഷറർ കെ.എസ്.അശോകൻ സ്വാഗതവും കമ്മിറ്റി അംഗം വി.പി.ഗൗതം കൃതജ്ഞതയും പറഞ്ഞു. തുടർന്ന് ഷാനവാസ് നരണിപ്പുഴ സംവിധാനം ചെയ്ത കരി പ്രദർശിപ്പിച്ചു. പ്രദർശനത്തിനു ശേഷം മുഖ്യകഥാപാത്രമായ കരിയെ അവതരിപ്പിച്ച സതീശൻ പ്രേക്ഷകരുമായി സംവദിച്ചു.