രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സിൽവർ ജൂബിലി കാഴ്ചകൾക്ക് തിരുവനന്തപുരത്ത് തിരി തെളിഞ്ഞു; വിട്ടു വീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടാണ് ലോക സാംസ്‌കാരിക ഭൂപടത്തിൽ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള ഇടം നേടിയതെന്ന് മുഖ്യമന്ത്രി

7

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സിൽവർ ജൂബിലി കാഴ്ചകൾക്ക് തിരുവനന്തപുരത്ത് തിരി തെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു. വിട്ടു വീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടിന്റെ പേരിലാണ് കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള ലോകത്തിന്റെ സാംസ്‌കാരിക ഭൂപടത്തില്‍ ഇടം നേടിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.  മര്‍ദ്ദിതര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പീഡിതര്‍ക്കുമൊപ്പമാണ് എന്നും ഈ മേള നില കൊണ്ടിട്ടുള്ളത്. അതു കൊണ്ടാണ് ആഫ്രിക്കന്‍, ഏഷ്യന്‍, ലാറ്റിൻ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ക്ക് നാം പ്രാമുഖ്യം നല്‍കിപ്പോരുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എ കെ ബാലൻ അധ്യക്ഷനായ ചടങ്ങിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായി. മേള പിന്നിട്ട രണ്ടര പതിറ്റാണ്ടിന്റെ പ്രതീകമായി 25 ദീപനാളങ്ങൾ തെളിയിച്ചു കൊണ്ടാണ് ചടങ്ങിന് തുടക്കമായത്. തുടർന്ന് ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഴാങ് ലുക് ഗൊദാര്‍ദിനു വേണ്ടി മുതിർന്ന സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഏറ്റുവാങ്ങി. കോവിഡിന്റെ പശ്ചാത്തലത്തിൽ എത്തിച്ചേരാൻ കഴിയാത്തതിനാൽ ഗൊദാർദ് ഓൺലൈനായി സാന്നിധ്യം അറിയിച്ചു. തുടർന്ന് ജി പി രാമചന്ദ്രൻ രചിച്ച ഗൊദാർദ് പല യാത്രകൾ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു.

എം എൽ എ മാരായ വി കെ പ്രശാന്ത്, എം. മുകേഷ്, സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ചലച്ചിത്ര അക്കാഡമി മുൻ ചെയർമാൻ ടി കെ രാജീവ് കുമാർ, മേയർ ആര്യാ രാജേന്ദ്രൻ, കെ ടി ഡി സി ചെയർമാൻ എം. വിജയകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ സുരേഷ് കുമാർ, അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്സൺ ബീന പോൾ, സെക്രട്ടറി അജോയ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ ക്വോ വാഡിസ്, ഐഡ പ്രദര്‍ശിപ്പിച്ചു.