ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ഐ.എം.എയുടെ ക്യാമ്പയിനിൽ പിന്തുണയുമായി താരങ്ങൾ: പ്രതികരിച്ച് മമ്മൂട്ടിയും മോഹൻലാലും പ്രഥ്വിരാജും മഞ്ജു വാര്യരും

17

ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആരംഭിച്ച ക്യാംപെയ്‍നിന് പിന്തുണയുമായി മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജും മഞ്ജുവാര്യരും അടക്കമുള്ള താരങ്ങള്‍. ‘ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കുക. നമ്മുടെ ആരോഗ്യം അവരുടെ കൈകളിലാണ്’ എന്നെഴുതിയ, ഐ.എം.എ. പുറത്തിറക്കിയ ഓണ്‍ലൈന്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടിയും പൃഥ്വിരാജും വിഷയത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്.

‘അവരാണ് നമ്മുടെ സൈന്യം. നമുക്ക് ഒരു യുദ്ധം ജയിക്കാനുമുണ്ട്. ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കുക’ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചു. ‘കോവിഡ് എന്ന മഹാമാരിക്കെതിരെ കഴിഞ്ഞ ഒന്നര വർഷത്തോളമായി പോരാടിക്കൊണ്ടിരിക്കുന്നവരാണ് നമ്മൾ എല്ലാവരും. ഈ യുദ്ധത്തിലെ മുന്നണി പോരാളികളാണ് ഡോക്ടർമാർ അടങ്ങുന്ന ആരോഗ്യപ്രവർത്തകർ. വളരെ ദുഷ്‍കരമായ ലോക്ക്ഡൗണ്‍ സമയങ്ങളിൽ നമ്മൾ എല്ലാവരും വീടുകളിൽ സുരക്ഷിതരായി ഇരിക്കുവാന്‍ ജീവൻ പോലും പണയം വെച്ച് അഹോരാത്രം പ്രവർത്തിക്കുന്ന ഡോക്ടർമാർക്കെതിരെയും ആശുപത്രികൾക്കെതിരെയുമുള്ള അതിക്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണ്”, മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

താരങ്ങളില്‍ നേരത്തെ ടൊവീനോ തോമസ്, അഹാന കൃഷ്‍ണ, ‘കരിക്കി’ലെ അനു കെ അനിയന്‍ എന്നിവരും കൊവിഡ് കാലത്ത് ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ആരോഗ്യമേഖല കൊവിഡ് രണ്ടാംതരംഗത്തിന്‍റെ വെല്ലുവിളിയെ നേരിട്ട് മുന്നോട്ടുപോകുന്നതിനിടെ ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ രാജ്യത്തിന്‍റെ പല ഭാഗത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്‍തിരുന്നു. കൊവിഡ് രോഗികള്‍ മരിക്കുന്ന സംഭവങ്ങളില്‍ ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരുമാണ് പലപ്പോഴും ബന്ധുക്കളുടെ കൈയേറ്റത്തിന് ഇരയാവുന്നത്. കേരളത്തിലും ഇത്തരം സംഭവങ്ങള്‍ വാര്‍ത്തയായി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇതിനെതിരായ തങ്ങളുടെ പ്രതിഷേധം വ്യക്തമാക്കുകയും ചെയ്‍തിരുന്നു. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ അക്രമിക്കപ്പെട്ട സംഭവത്തില്‍ അവിടുത്തെ ഡോക്ടര്‍മാര്‍ ഇന്ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുകയാണ്.