മോഹൻസ്മരണയിൽ ഗ്രാമിക മോഹനം ചലച്ചിത്രോത്സവത്തിന് തുടക്കമായി

6

മോഹൻ രാഘവന്റെ സ്മരണക്കായി സംഘടിപ്പിക്കുന്ന മോഹനം 2021 അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് കഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ തുടക്കമായി. തിരക്കഥാകൃത്ത് ജോൺ പോൾ ഉദ്ഘാടനം ചെയ്തു. മികച്ച സംവിധായകന് നൽകിവരുന്ന മോഹൻ രാഘവൻ ഓഫ് സ്റ്റേജ് ‘യുവചലച്ചിത്ര പ്രതിഭ പുരസ്കാരം’ പ്രമുഖ സംവിധായകൻ മോഹൻ, മാത്തുക്കുട്ടി സേവ്യറിന് സമ്മാനിച്ചു. രമേഷ് കരിന്തലക്കൂട്ടം അധ്യക്ഷനായി. ചലച്ചിത്രതാരം സീനത്ത് മുഖ്യാതിഥിയായിരുന്നു.

സംവിധായകൻ സച്ചിക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ സേതു സംസാരിച്ചു. പഞ്ചായത്തംഗം മിനി പോളി, വടക്കേടത്ത് പദ്‌മനാഭൻ, പി.ടി.വിത്സൻ,ജനറൽ കൺവീനർ പി.കെ. കിട്ടൻ, തുമ്പൂർ ലോഹിതാക്ഷൻ എന്നിവർ പ്രസംഗിച്ചു. കരിന്തലക്കൂട്ടം നാടൻ പാട്ടുകൾ അവതരിപ്പിച്ചു. ഗ്രാമിക ഫിലിം സൊസൈറ്റി, വടമ കരിന്തലക്കൂട്ടം, അന്നമനട ഓഫ് സ്റ്റേജ് എന്നിവയുടെ നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്.

അഞ്ചുദിവസത്തെ മേളയിൽ ആദ്യ ദിവസം അസാമീസ് ചിത്രം ബ്രിഡ്ജ്, മലയാള ചിത്രം മ്യൂസിക്കൽ ചെയർ എന്നിവ പ്രദർശിപ്പിച്ചു. മ്യൂസിക്കൽ ചെയറിന്റെ സംവിധായകൻ വിപിൻ ആറ്റ്‌ലിയുമായി നടന്ന സംവാദത്തിൽ വി.ആർ. മനുപ്രസാദ് അധ്യക്ഷനായി. അബ്ദുൾ മനാഫ് സ്വാഗതവും എൻ.പി.ഷിന്റൊ നന്ദിയും പറഞ്ഞു. 22ന് കൊറിയൻ സംവിധായകൻ കിംകി ഡുക് സംവിധാനംചെയ്ത സമരിറ്റൻ ഗേൾ, സ്പ്രിങ് സമ്മർ ഫാൾ വിന്റർ ആൻഡ്‌ സ്പ്രിങ് എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. അഞ്ചിന് സംവിധായകൻ കെ.ബി.വേണു കിംകി ഡുക് അനുസ്മരണ പ്രഭാഷണം നടത്തും. 11 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന മേള 24ന് സമാപിക്കും.