അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ കൊച്ചി എഡിഷനില്‍ നിന്ന് നടൻ സലിം കുമാറിനെ ഒഴിവാക്കിയെന്ന് ആക്ഷേപം. ദേശീയ പുരസ്കാര ജേതാക്കളാണ് മേളയുടെ തിരി തെളിയിക്കേണ്ടത്. തന്നെ വിളിക്കാതിരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രായം കൂടുതലാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് സലീം കുമാര്‍ പറഞ്ഞു.
ആഷിക് അബുവും അമല്‍ നീരദുമെല്ലാം എന്റെ ജൂനിയര്‍മാരായി കോളേജില്‍ പഠിച്ചവരാണ്. ഞാനും അവരും തമ്മില്‍ അധികം പ്രായവ്യത്യാസമൊന്നുമില്ല. ഇവിടെ രാഷ്ട്രീയമാണ് വിഷയം. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ മാത്രമല്ല എനിക്ക് ഇവിടെ പുരസ്കാരം ലഭിച്ചത്. സി.പി.എം ഭരിക്കുമ്പോഴും പുരസ്കാരം നേടിയിട്ടുണ്ട്.
കലാകാരന്മാരെ എന്തു വേണമെങ്കിലും ചെയ്യാമെന്ന് അവര്‍ നേരത്തേ തെളിയിച്ചതാണ്. അതാണല്ലോ പുരസ്കാരം മേശപ്പുറത്ത് വച്ചു നല്‍കിയതെന്ന് സലീം കുമാര്‍ വിമർശിച്ചു. അതേ സമയം സലിം കുമാറിനെ ഒഴിവാക്കിയിട്ടില്ലെന്നും വിളിക്കാൻ വൈകിയതാകാമെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറഞ്ഞു. ലിസ്റ്റിൽ സലിം കുമാറിന്റെ പേരുണ്ട്. വിളികൾ പൂർത്തിയായിട്ടുമില്ല. സലിംകുമാറിനെ ഒഴിവാക്കി കൊച്ചിയിൽ ഒരു മേള സാധ്യമല്ലെന്നും വ്യക്തമാക്കിയ കമൽ വിഷയത്തിൽ രാഷ്ട്രീയമില്ലെന്നും തെറ്റിദ്ധരിച്ചതാകാമെന്നും പ്രതികരിച്ചു.