നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി നീട്ടി നൽകി സുപ്രീം കോടതി

6

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം അംഗീകരിച്ച് സുപ്രിംകോടതി. വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം ആറുമാസം കൂടി നീട്ടി നല്‍കി. ജസ്റ്റിസുമാരായ എ എം ഖാന്‍വീല്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കേസില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സമയം കൂടുതല്‍ വേണമെന്നാവശ്യപ്പെട്ട് കേസ് പരിഗണിക്കുന്ന സ്‌പെഷ്യല്‍ ജഡ്ജി ഹണി എം. വര്‍ഗീസാണ് സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കിയത്.

2021 ആഗസ്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൊവിഡ് മൂലം നടപടികള്‍ തടസപ്പെട്ടെന്ന് വിചാരണ കോടതി കത്തില്‍ പറയുന്നു.

കൊവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് മേയില്‍ ആഴ്ചകളോളം കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായെന്നും വിചാരണ പ്രതീക്ഷിച്ച വേഗത്തില്‍ നീങ്ങിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വീണ്ടും അപേക്ഷ നല്‍കിയത്.

കേസില്‍ മുന്നൂറിലധികം സാക്ഷികളാണ് ഉള്ളത്. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.