മീടൂ ആരോപണത്തിന്റെ പേരിൽ തമിഴ് സംവിധായകൻ സുശി ഗണേശൻ വിദേശയാത്രയും പഠനവും മുടക്കാൻ ശ്രമിക്കുന്നെന്ന് സംവിധായികയും എഴുത്തുകാരിയുമായ ലീന മണിമേഖല

14

മീടൂ ആരോപണത്തിന്റെ പേരിൽ തമിഴ് സംവിധായകൻ സുശി ഗണേശൻ വിദേശയാത്രയും പഠനവും മുടക്കാൻ ശ്രമിക്കുന്നെന്ന് സംവിധായികയും എഴുത്തുകാരിയുമായ ലീന മണിമേഖല.

രണ്ടരവർഷം മുമ്പ് നടത്തിയ മീടു വെളിപ്പെടുത്തലിന്റെ പേരിൽ സുശി ഗണേശൻ മാനനഷ്ടത്തിന് ഹർജി നൽകുകയും പാസ്പോർട്ട് തടഞ്ഞുവെക്കാൻ പരാതി നൽകുകയും ചെയ്തു. കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത് കോടതിനടപടികൾ നീട്ടുകയാണെന്നും ലീന മണിമേഖല ആരോപിച്ചു.

പാസ്പോർട്ട് തടഞ്ഞുവെക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ചെന്നൈ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇത് വീണ്ടും പരിഗണിക്കണമെന്നാവശ്യപ്പെട്ട് സുശി ഗണേശൻ കോടതിയെ സമീപിച്ചിരിക്കുകയാണ്. മാനനഷ്ടക്കേസ് കൂടാതെ 18 ഹർജികൾ തനിക്കെതിരേ സമർപ്പിച്ചിട്ടുണ്ടെന്നും ലീന പറഞ്ഞു.

കൂടുതൽ കേസുകളിൽ വിചാരണ നടക്കുന്നതിനാൽ ഉപരിപഠനത്തിനായി കാനഡയിൽ പോകാൻ കഴിയുന്നില്ല. ‘മാടത്തി’ സിനിമയുടെ പ്രദർശനത്തിനും പ്രഭാഷണങ്ങൾക്കുമായി വിദേശ സർവകലാശാലകൾ ക്ഷണിച്ചിട്ടുണ്ട്. പുതിയ കേസിന്റെ വിചാരണ നീളുന്നതിനാൽ വിദേശയാത്ര മുടങ്ങിയിരിക്കുകയാണെന്നും ലീന പറഞ്ഞു.

ഒന്നരപ്പതിറ്റാണ്ട് മുമ്പ് നടന്ന സംഭവത്തിന്റെപേരിൽ 2018-ലാണ് ലീന മണിമേഖല സുശി ഗണേശനെതിരേ ആരോപണം ഉന്നയിച്ചത്. 2005-ൽ ടി.വി. ചാനലിന് വേണ്ടി സുശി ഗണേശനുമായി അഭിമുഖം നടത്തിയ ശേഷം ചെന്നൈയിലെ സ്റ്റുഡിയോയിൽനിന്ന് വീട്ടിലേക്ക് പോകുമ്പോൾ കാറിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു ആരോപണം. 2017-ൽ ഫെയ്‌സ് ബുക്കിലൂടെ ഈ അനുഭവം പങ്കുവെച്ചെങ്കിലും ആരാണ് പീഡനശ്രമം നടത്തിയതെന്ന് വെളിപ്പെടുത്തിയിരുന്നില്ല.

മീടൂ വെളിപ്പെടുത്തലുകൾ വ്യാപകമായതോടെ സുശി ഗണേശന്റെ പേര് പരസ്യമാക്കുകയായിരുന്നു.