നടി ആക്രമണക്കസ്: നടൻ സിദ്ദിഖിനെയും ഡോ. ഹൈദരലിയെയും ചോദ്യം ചെയ്തു

14

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ സിദ്ദിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിയെന്ന സുനിൽകുമാർ ദിലീപിന് നൽകാനെന്ന പേരിൽ നൽകിയ കത്തിനെക്കുറിച്ചാണ് സിദ്ദിഖിന്‍റെ മൊഴിയെടുത്തത്. ദിലീപിന് ഒരു അബദ്ധം പറ്റിയതാണെന്നും, പക്ഷേ എന്നും കൂടെ നിൽക്കുമെന്നും സിദ്ദിഖ് ഒരു ഓൺലൈൻ മാധ്യമത്തിന് അഭിമുഖം നൽകിയപ്പോൾ പറഞ്ഞിരുന്നു. ഇതിൽ വ്യക്തത വരുത്താൻ കൂടിയായിരുന്നു ചോദ്യം ചെയ്യൽ.

Advertisement

ആലുവ അൻവർ ആശുപത്രി ഉടമ ഡോ. ഹൈദരാലിയെയും ചോദ്യം ചെയ്തു. പ്രോസിക്യൂഷൻ സാക്ഷിയായ ഹൈദരലി വിചാരണഘട്ടത്തിൽ കൂറുമാറിയിരുന്നു. ദിലീപിന്‍റെ സഹോദരീഭർത്താവ് സുരാജ് സിദ്ദിഖിനെ മൊഴി മാറ്റാൻ പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത് വന്നിരുന്നു. ഇന്നലെയാണ് ഇരുവരെയും ചോദ്യം ചെയ്തത്. 

ദിലീപും സിദ്ദിഖുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൾസർ സുനിയുടേതെന്ന് പറയുന്ന കത്തിലുണ്ടായിരുന്നു. എന്ത് സാഹചര്യത്തിലാണ് ദിലീപിന് ഒരബദ്ധം പറ്റിയെന്ന് നടന്‍റെ അടുത്ത സുഹൃത്ത് കൂടിയായ സിദ്ദിഖ് പറഞ്ഞത് എന്നും ക്രൈംബ്രാഞ്ച് ചോദിച്ചു. ദിലീപിന്‍റെ മറ്റൊരു അടുത്ത സുഹൃത്താണ് ഇന്നലെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ആലുവ അൻവർ ആശുപത്രി ഉടമ ഡോ. ഹൈദരാലി. നടി ആക്രമിക്കപ്പെട്ട ദിവസം താൻ അൻവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നാണ് ദിലീപിന്‍റെ വാദം. അന്ന് ദിലീപ് ചികിത്സയിലായിരുന്നില്ല എന്ന് ആദ്യം അന്വേഷണസംഘത്തിന് മൊഴി നൽകിയ ഡോ. ഹൈദരാലി പിന്നീട് വിചാരണാഘട്ടത്തിൽ കൂറുമാറുകയായിരുന്നു. ഹൈദരാലിയോട് മൊഴി മാറ്റിപ്പറയണമെന്ന് ദിലീപിന്‍റെ മൂത്ത സഹോദരിയുടെ ഭർത്താവ് സുരാജ് ആവശ്യപ്പെടുന്ന ഓഡിയോ ക്ലിപ്പുകൾ പുറത്തുവന്നിരുന്നതാണ്. എന്നാൽ താൻ മൊഴി മാറ്റിയിട്ടില്ലെന്നാണ് ഡോ. ഹൈദരാലി പിന്നീട് പല മാധ്യമങ്ങളോടായി പറയുന്നത്. 

Advertisement