‘ഞങ്ങൾ നിങ്ങളുടെ സഹോദരങ്ങൾ ആണ്, ശത്രുക്കൾ അല്ല’: ഹൃദയത്തിൽ തൊട്ട് തൃശൂർ പോലീസിന്റെ ‘അടയാളങ്ങൾ’

113

ചില അടയാളങ്ങൾ ഉണ്ട്. ഭാഷയ്ക്ക് അതീതമായി സന്ദേശങ്ങൾ കൈമാറാൻ കെൽപ്പുള്ള അതിശക്തമായ കൊടിയടയാളങ്ങൾ.

ആസുരമായ ഈ കോവിഡ് കാലഘട്ടത്തിൽ നാടിനെ മഹാമാരിയിൽ നിന്ന് മോചിപ്പിക്കാൻ അഹോരാത്രം പണിയെടുക്കുന്ന വിഭാഗങ്ങളിൽ മുന്നിലുള്ള കൂട്ടരാണ് പോലീസ് . മഴയും, മഞ്ഞും, വെയിലും വക വയ്ക്കാതെ അവർ നിരത്തിൽ കർമ്മനിരതരാണ്. അതിനിടയിൽ സ്വന്തം കുടുംബം, സന്തോഷം , ജീവിതം എന്നിങ്ങനെയുള്ളതിനെക്കുറിച്ചോർക്കാൻ പോലും അവർക്ക് നേരം തികയുന്നില്ല. സ്വന്തം ജീവൻ പോലും പലയിടത്തും അവർക്ക് പണയപ്പെടുത്തേണ്ടിവരുന്നു , നഷ്ടപ്പെടുത്തേണ്ടിവരുന്നു.
മാസ്ക് ധരിക്കാത്തതിനെക്കുറിച്ച് വഴിയാത്രക്കാരനോട് ചോദിച്ചതിന് കൊടിയ മർദ്ദനം ഏറ്റുവാങ്ങേണ്ടിവന്ന് ഇപ്പോഴും ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുന്ന മറയൂരിലെ പോലീസ് ഉദ്യോഗസ്ഥൻ അജീഷ് പോളിന്റെ ദുരവസ്ഥ തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണം.

ഈ പശ്ചാത്തലത്തിലാണ് ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥർ വേറിട്ട ചിന്തയുമായി ഒരു ഹ്രസ്വചിത്രവുമായി മുന്നോട്ടു വന്നിരിക്കുന്നത്.
അന്ധമായ പോലീസ് വിരോധം വച്ചുപുലർത്തുന്നവർക്കിടയിലും പോലീസ് നൽകി വരുന്ന സേവനങ്ങളുടെ മഹത്വം ബോധ്യമുള്ള പ്രബലമായ ഒരു സമൂഹവും ഇവിടെ ഉണ്ട് എന്ന തിരിച്ചറിവിൽ നിന്നാണ് തൃശ്ശൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ചിലെ പോലീസ് ഉദ്യോഗസ്ഥർ ഒരുക്കിയ “അടയാളങ്ങൾ” എന്ന ഷോർട്ട് ഫിലിം രൂപപ്പെടുന്നത്.
സംഭാഷണങ്ങൾ ഇല്ലാത്ത, എന്നാൽ പറയാനുദ്ദേശിച്ച കാര്യങ്ങൾ കൃത്യമായി കാര്യങ്ങൾ സംവേദനം ചെയ്യുന്ന ആഖ്യാനരീതിയിലൂടെ കഥ മുന്നോട്ട് പോകുമ്പോൾ മേല്പ്പറഞ്ഞ എല്ലാ വിഷയങ്ങളും ലളിതവും ആഴത്തിൽ സ്പർശ്യമായതുമായ രീതിയിൽ മനോഹരമായി പ്രതിപാദിക്കുന്നുണ്ട്.

എഴുത്തുകാരനും മോട്ടിവേഷൻ സ്പീക്കറുമായ തൃശ്ശൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ചിലെ സിവിൽ പോലീസ് ഓഫീസർ അരുൺ കുന്നമ്പത്താണ് കഥയൊരുക്കി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
തൃശൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ചിലെത്തന്നെ പോലീസ് ഉദ്യോഗസ്ഥരായ പി.എൻ സുന്ദരൻ, പ്രകാശ് കെ.എസ്, സുജിത്ത് കെ.പി , നിധീഷ് വി.യു, ലിഗിൻ രാജ് .ടി, ജിജേഷ് . കെ എന്നിവരെ കൂടാതെ തൃശ്ശൂർ ടൗൺ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥയായ ഷിജി .പി .ബി എന്നിവർ ചിത്രത്തിൽ കഥാപാത്രങ്ങളായി അണിനിരക്കുന്നു.
ക്യാമറയും എഡിറ്റിങ്ങും ഇ.എസ് സുദീപ് നിർവഹിച്ചിരിക്കുന്നു.

പ്രേക്ഷകനെ അത്യന്തം മുൾമുനയിൽ നിർത്തി അചിന്തനീയവും ആവേശകരവുമായ ട്വിസ്റ്റോടെ അടയാളങ്ങൾ ശുഭപര്യവസായി ആവുമ്പോൾ അത് കാണുന്ന ഓരോരുത്തർക്കും ചിത്രത്തിലെ സന്ദേശം ബോധ്യമാകുന്നു.

‘ലോകത്തിലെ ഏറ്റവും മഹത്തായ അടയാളങ്ങൾ മനുഷ്യത്വവും സഹവർത്തിത്വവും ആണെന്ന് പോലീസ് ഹൃസ്വ ചിത്രത്തിലൂടെ പങ്കു വെക്കുന്നു.