സിനിമാ മേഖലയില്‍ നിന്നും നേരിടേണ്ടി വരുന്ന ദുരനുഭവം തുറന്ന് പറഞ്ഞ് ബോളിവുഡ് നടി വിദ്യാ ബാലന്‍. സ്ത്രീപക്ഷ നിലപാടുകളിലൂടെ അവര്‍ പലപ്പോഴും കൈയടിയും നേടാറുണ്ട്. ഒരു സംവിധായകനില്‍ നിന്ന് നേരിട്ട മോശം അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് വിദ്യാ ബാലന്‍.
സിനിമാ ജീവിതത്തിനിടയില്‍ എപ്പോഴെങ്കിലും കാസ്റ്റിങ് കൗച്ച് നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് വിദ്യ ഈ മോശം അനുഭവം വിവരിച്ച് മറുപടി നല്‍കിയത്. ഒരു സംവിധായകന്‍ തന്നെ അയാളുടെ മുറിയിലേക്ക് ക്ഷണിച്ചതെന്നും അതില്‍ നിന്ന് രക്ഷപ്പെടാന്‍ ഉപയോഗിച്ച സൂത്രത്തെ കുറിച്ചുമാണ് വിദ്യ പറയുന്നത്.
‘കാസ്റ്റിങ് കൗച്ച് എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. എന്നാല്‍ ഇതിനെ കുറിച്ചുള്ള പേടിപ്പെടുത്തുന്ന കഥകള്‍ ഞാന്‍ നേരത്തെ കേട്ടിരുന്നു. അതായിരുന്നു എന്റെ രക്ഷിതാക്കളുടേയും പേടി. അഭിനയത്തില്‍ നിന്ന് പിന്മാറാന്‍ രക്ഷിതാക്കള്‍ പറയാനുള്ള കാരണം ഇതാണ്. എന്നാല്‍ അത്തരത്തിലുള്ള ഭയാനകമായ അവസ്ഥകളൊന്നും എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. എന്നാല്‍ ഒരു മോശം അനുഭവം ഉണ്ടായി. ദൗര്‍ഭാഗ്യകരം എന്നേ അതിനെ വിശേഷിപ്പിക്കാനാകൂ.
ചെന്നൈയില്‍ ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് എത്തിയതായിരുന്നു ഞാന്‍. അതിനിടയില്‍ ഞാന്‍ ചെയ്യാമെന്ന് ഉറപ്പുനല്‍കിയ ഒരു സിനിമയുടെ സംവിധായകനെ കണ്ടു. സിനിമയെ കുറിച്ച് സംസാരിക്കാന്‍ ഞങ്ങള്‍ ഒരു കോഫി ഷോപ്പില്‍വെച്ച് കണ്ടുമുട്ടി. എന്നാല്‍ തന്റെ മുറിയിൽ പോയിരുന്ന് സംസാരിക്കാമെന്ന് അയാള്‍ നിര്‍ബന്ധം പിടിച്ചു. പക്ഷേ, എനിക്ക് കാര്യം മനസിലായില്ല. ഞാന്‍ ഒറ്റയ്ക്കായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ ഞാന്‍ ബുദ്ധിപൂര്‍വ്വം ഒരു കാര്യം ചെയ്തു. റൂമില്‍ എത്തിയതിന് പിന്നാലെ ഞാന്‍ വാതില്‍ മുഴുവനായും തുറന്നിട്ടു. അതോടെ തനിക്കുള്ള ഒരേയൊരു വഴി പുറത്തേക്കുള്ളതാണെന്ന് അയാള്‍ക്ക് മനസിലായി.’ ഹ്യൂമാന്‍സ് ഓഫ് ബോംബെയ്ക് നല്‍കിയ അഭിമുഖത്തില്‍ വിദ്യ പറയുന്നു. അതോടു കൂടി ആ സിനിമയില്‍ നിന്നും പുറത്തായെന്നും താരം കൂട്ടിവെച്ചു.
ഷെഫാലി ഷായോടൊപ്പം അഭിനയിച്ച ‘ജല്‍സ’ എന്ന ചിത്രത്തിലാണ് വിദ്യ അവസാനം പ്രത്യക്ഷപ്പെട്ടത്. നീയത്തും ലൗവേഴ്‌സുമാണ് ഇനി വരാനിരിക്കുന്ന പ്രൊജക്റ്റുകള്‍.
സംവിധായകൻ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചു, ഞാനൊരു സൂത്രം പ്രയോഗിച്ചു; ദുരനുഭവം തുറന്ന് പറഞ്ഞ് വിദ്യാബാലൻ
Advertisement
Advertisement