സ്നേഹപൂർവം ആ കരുതലിന്

23

മക്കളുടെ പുഞ്ചിരിക്ക് മീതെ കണ്ണീരിന്റെ മഴ വീഴാതിരിക്കാൻ സ്വയം നിവർന്ന് നിൽക്കുന്ന കുടയാണ് അച്ഛൻ. ജീവൻ നിലനിറുത്തിയത് അമ്മയുടെ മുലപ്പാലും ജീവിതം നിലനിറുത്തിയത് അച്ഛന്റെ വിയർപ്പുമാണ്. നാളെയാണ് ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. ഒരേസമയം നമുക്ക് രക്ഷിതാവും സുഹൃത്തും എപ്പോഴും കൂടെ നിൽക്കുന്ന അച്ഛനെ ആദരിക്കാനും അനുസ്മരിക്കാനുമാണ് ഈ ദിനം. ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ലോകമെമ്പാടും ഫാദേഴ്സ് ഡേ ആയി കൊണ്ടാടുന്നു. ഈ ദിവസം ‌അച്ഛനൊപ്പം കൂടുതൽ സമയം ചെലവഴിക്കാം. അച്ഛനോടൊപ്പം ഒന്നിച്ച് ഭക്ഷണം കഴിക്കാനോ ഒരു സിനിമ കാണാനോ കഴിഞ്ഞില്ലെങ്കിലും മറ്റു രീതികളിൽ നിങ്ങൾക്ക് ഈ ദിനം ആഘോഷിക്കാം. അപ്രതീക്ഷിതമായി ഒരു സമ്മാനം അയച്ചുകൊടുത്തോ അച്ഛന് ഇഷ്ടപ്പെട്ട ഏതെങ്കിലും ഭക്ഷണം എത്തിച്ചു കൊടുത്തോ ഈ ദിനം നിങ്ങൾക്ക് അവിസ്മരണീയമാക്കി മാറ്റാനാകും. സ്‌പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങൾ പരമ്പരാഗതമായി മാർച്ച് 19നാണ് ഫാദേഴ്‌സ് ഡേ ആചരിക്കാറുള്ളത്. 1910 ജൂൺ 19 നാണ് പിതൃദിനം ആദ്യമായി ആഘോഷിച്ചത്. 1972ൽ എല്ലാ വർഷവും ജൂൺ മാസത്തിലെ മൂന്നാം ഞായറാഴ്ച ഫാദേഴ്‌സ് ഡേ ആയി ആചരിക്കണമെന്ന പ്രഖ്യാപനത്തിൽ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്‌സൺ ഒപ്പു വച്ചതോടെയാണ് ഔപചാരികമായി ഈ ദിനം ആചരിക്കാൻ തുടങ്ങിയത്. ഇന്ത്യയിൽ എല്ലാ വർഷവും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ‘ഫാദേഴ്സ് ഡേ’യായി എല്ലാവരും ആഘോഷിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ സെന്റ് ജോസഫ് ഡേയാണ് ഫാദേഴ്സ് ഡേയായി ആഘോഷിക്കുന്നത്. കോവിഡ് കാരണം, കഴിഞ്ഞ രണ്ട് വർഷങ്ങൾ ആഘോഷങ്ങൾ പരിമിതമായിരുന്നു. കോവിഡ് ആശങ്കകൾ അകന്ന് നാടാകെ പഴയ പ്രസരിപ്പിലേക്കും ആഘോഷങ്ങളിലേക്കും വഴിമാറിയിട്ടുണ്ടെങ്കിലും കഴിഞ്ഞദിവസങ്ളിൽ ഉയർന്ന കോവിഡ് പ്രതിദിന കണക്ക് ആശങ്കയുണ്ടാക്കുന്നതാണ്. അച്ഛനോടുള്ള തങ്ങളുടെ സ്നേഹത്തിന്റെയും നന്ദിയുടെയും പ്രതീകമായി കാർഡുകൾ കൈമാറുന്നു, കേക്ക് ഉണ്ടാക്കുന്നു, നല്ല ഭക്ഷണം തയ്യാറാക്കുന്നു, അല്ലെങ്കിൽ പൂക്കൾ അവർക്ക് നൽകുന്നു. ഫാദേഴ്സ് ഡേയിൽ നമുക്ക് തന്ന സ്നേഹത്തിനും പിന്തുണയ്ക്കും കരുതലിനും ഹൃദയം കൊണ്ട് പിതാക്കന്മാരോട് നന്ദി പറയാം. ഫാദേഴ്സ് ഡേയിൽ അച്ഛൻമാർക്ക് ആശംസകൾ നേരാം…

Advertisement
Advertisement