ഓസ്‌ക്കര്‍ പുരസ്‌കാരവേദിയില്‍ മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ക്ലൂയി ചാവോ

9

93ാമത് ഓസ്‌ക്കര്‍ പുരസ്‌കാരവേദിയില്‍ മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ക്ലൂയി ചാവോ. നൊമാഡ്‌ലാന്‍ഡ് എന്ന ചിത്രത്തിലൂടെയാണ് പുരസ്‌കാര നേട്ടം. 
മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം രണ്ടാം തവണയാണ് ഒരു വനിതയെ തേടിയെത്തുന്നത്. ദ ഹര്‍ട്ട് ലോക്കര്‍ എന്ന ചിത്രത്തിലൂടെ കാതറിന്‍ ബിഗ് ലോവാണ് ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത്. 2008 ലായിരുന്നു ആ പുരസ്‌കാര നേട്ടം. 
മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യന്‍ വംശജയും കൂടിയാണ് ക്ലൂയി ചാവോ. നാല് നാേമിനേഷനാണ് ചാവോയ്ക്ക് ഇക്കുറി ലഭിച്ചത്. ഇതും ഒരു ചരിത്രമാണ്. ഗോള്‍ഡന്‍ ഗ്ലോബ്, വെനീസ് ഇന്റര്‍നാഷ്ണല്‍ ചലച്ചിത്രമേള തുടങ്ങിയവയില്‍  മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ക്ലൂയി ചാവോ സ്വന്തമാക്കിയിരുന്നു. 
ഇത്തവണത്തെ ഓസ്‌ക്കര്‍ നോമിനേഷനിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മത്സരരംഗത്ത് വന്നത്. 70 സ്ത്രീകളാണ് വ്യത്യസ്ത വിഭാഗങ്ങളില്‍ മാറ്റുരയ്ക്കുന്നത്. അത് സര്‍വകാല റെക്കോഡാണ്. മികച്ച സംവിധാനത്തിനുള്ള നാമനിര്‍ദ്ദേശത്തില്‍ രണ്ട് വനിതകള്‍ വരുന്നതും ഇതാദ്യമായാണ്. പ്രോമിസിങ് യങ് വുമണ്‍ എന്ന ചിത്രം ഒരുക്കിയ എമറാള്‍ഡ് ഫെന്നലായിരുന്നു മറ്റൊരു സംവിധായിക.

ഓസ്‌കറില്‍ നേട്ടം കൊയ്‌ത് ചൈനീസ് സംവിധായിക ക്ലൂയി ചാവോയുടെ നൊമാഡ്‌ലാന്‍ഡ്. മികച്ച ചിത്രം, മികച്ച സംവിധായിക, മികച്ചനടി എന്നിവയടക്കം മൂന്ന് പുരസ്‌കാരങ്ങളാണ് നൊമാഡ്‌ലാന്‍ഡ് നേടിയത്.

ദി ഫാദര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്തണി ഹോപ്കിന്‍സ് മികച്ച നടനായി. ആറു തവണ നോമിനേഷന്‍ ലഭിച്ച ഹോപ്‌കിന്‍സ് ഇത് രണ്ടാം തവണയാണ് മികച്ച നടനുള്ള പുരസ്‌കാരം നേടുന്നത്. 1992ല്‍ ദി സൈലന്‍സ് ഓഫ് ദി ലാമ്പിലെ അഭിനയത്തിനായിരുന്നു ഇതിന്‌ മുന്‍പ് പുരസ്‌കാരം ലഭിച്ചത്.

റിസ് അഹമ്മദ്, ചാഡ്‌വിക് ബോസ്‌മാന്‍, ഗാരി ഓള്‍ഡ്‌മാന്‍, സ്റ്റീവന്‍ യ്യൂന്‍ എന്നിവരെ മറികടന്നാണ് ഇക്കുറി ഹോപ്കിന്‍സ് മികച്ച നടനായത്.

ജൂദാസ് ആന്‍ഡ് ദി ബ്ലാക്ക് മെസയ്യ എന്ന ചിത്രത്തിലെ അഭിനയത്തിന് ഡാനിയല്‍ കലൂയ മികച്ച സഹനടനായി. മിനാരി എന്ന ചിത്രത്തിലെ അഭിനയത്തിന് ദക്ഷിണ കൊറിയന്‍ നടയിയാ യൂ ജുങ് യൂങ് മികച്ച സഹനടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. ഇതാദ്യമായാണ് ഒരു ദക്ഷിണ കൊറിയന്‍ അഭിനേതാവ് ഓസ്‌ക്കര്‍ പുരസ്‌കാരം നേടുന്നത്. മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ചിത്രത്തിനുള്ള പുരസ്‌കാരം അനഥര്‍ റൗണ്ട് സ്വന്തമാക്കി.

ഓസ്‌ക്കര്‍ ജേതാക്കള്‍:

മികച്ച ചിത്രം: നൊമാഡ്‌ലാന്‍ഡ്
മികച്ച നടൻ: ആന്തണി ഹോപ്കിൻസ് (ചിത്രം-ദി ഫാദർ)
മികച്ച നടി: മെക്ഡൊർമൻഡ് (ചിത്രം-നൊമാഡ്ലാൻഡ്)
സംവിധാനം: ക്ലോളി ചാവോ (നൊമാഡ്‌ലാന്‍ഡ്)
സഹനടി: യുങ് ജുങ് (മിനാരി)
സഹനടന്‍: ഡാനിയല്‍ കലൂയ (ജൂദാസ് ആന്‍ഡ് ബ്ലാക്ക് മെസയ്യ)
അന്താരാഷ്ട്ര ഫീച്ചര്‍ ചിത്രം: അനഥര്‍ റൗണ്ട്
ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം: സോള്‍
ഡോക്യുമെന്ററി ഫീച്ചര്‍ ചിത്രം: മൈ ഒക്ടപസ് ടീച്ചര്‍
ഒറിജിനല്‍ സ്‌കോര്‍: സോള്‍
ഒറിജിനല്‍ സോങ്: ഫൈറ്റ് ഫോര്‍ യു ( ജൂദാസ് ആന്‍ഡ് ബ്ലാസ് മെസയ്യ)
ഒറിജിനല്‍ സ്‌ക്രീന്‍പ്ലേ: പ്രോമിസിങ് യങ് വുമണ്‍
അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ: ദി ഫാദര്‍
ഛായാഗ്രഹണം: മന്‍ക്
മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റൈലിങ്: മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം
കോസ്റ്റിയൂം ഡിസൈന്‍: മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം
ഫിലിം എഡിറ്റിങ്: സൗണ്ട് ഓഫ് മെറ്റല്‍
സൗണ്ട്: സൗണ്ട് ഓഫ് മെറ്റല്‍
ലൈവ് ആക്ഷന്‍ ഷോര്‍ട്ട്: ടു ഡിസ്റ്റന്റ് സ്ട്രയ്‌ഞ്ചേഴ്‌സ്.
ആനിമേറ്റഡ് ഷോര്‍ട്ട്: ഇഫ് എനിത്തിങ് ഹാപ്പന്‍സ് ഐ ലവ് യു
ഡോക്യുമെന്ററി ഷോര്‍ട്ട്: കൊളെറ്റ്
വിഷ്വല്‍ ഇഫക്റ്റ്‌സ്: ടെനെറ്റ്.
പ്രൊഡക്ഷന്‍ ഡിസൈന്‍: മന്‍ക്.