കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് അമേരിക്ക

9

കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് അമേരിക്ക. ഇക്കാര്യം വ്യക്തമാക്കി പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും ട്വീറ്റ് ചെയ്തു. “മഹാമാരിയുടെ ആദ്യകാലത്ത് ഞങ്ങളുടെ ആശുപത്രികള്‍ ബുദ്ധിമുട്ടിലായപ്പോള്‍ ഇന്ത്യ അമേരിക്കയ്ക്ക് സഹായം എത്തിച്ചിരുന്നു. അതുപോലെ ഇന്ത്യക്ക് ആവശ്യമുള്ള സമയത്ത് സഹായം നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്” ജോ ബൈഡന്‍ ട്വീറ്റില്‍ വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തിന് ഇന്ത്യക്കൊപ്പം അമേരിക്കയും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് കമലാ ഹാരിസ് പറഞ്ഞു. സഹായം നല്‍കുന്നതിനൊപ്പം ഇന്ത്യയിലെ ജനങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുമെന്നും കമല കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ കോവിഡ് രണ്ടാംതരംഗം രൂക്ഷമായതിനു പിന്നാലെ ഇതാദ്യമായാണ് അമേരിക്കയുടെ ഉന്നത രാഷ്ട്രീയ നേതൃത്വം വിഷയത്തില്‍ പ്രതികരണം നടത്തുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയെ സഹായിക്കാന്‍ വൈകുന്നതില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഉന്നത നേതാക്കളില്‍നിന്നടക്കം ബൈഡനും കമലയ്ക്കും വിമര്‍ശനം നേരിടേണ്ടിയും വന്നിരുന്നു.