ഫിഫ ലോകകപ്പ് ഖത്തറിന്റെ ഔദ്യോഗിക പോസ്റ്ററുകൾ പുറത്തിറക്കി. സ്വദേശി കലാകാരിയായ ബുഥയ്ന അൽ മുഫ്ത ഡിസൈൻ ചെയ്ത പോസ്റ്ററുകൾ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന പ്രത്യേക ചടങ്ങിലാണ് പ്രകാശനം ചെയ്തത്.
ഒട്ടേറെ പ്രത്യേകതകളോടു കൂടിയാണ് ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ മുതൽ ചിഹ്നം, ഔദ്യോഗിക ഗാനം, പോസ്റ്റർ എന്നിവയുടെ ഡിസൈനുകൾ പുറത്തിറക്കിയിട്ടുള്ളത്. ഫുട്ബോൾ ആരാധകരിൽ ലോകകപ്പ് ആവേശം നിറയ്ക്കുന്നതാണ് ഓരോന്നും.
പരമ്പരാഗത ശിരോവസ്ത്രം വായുവിലേയ്ക്ക് ഉയർത്തുന്ന പ്രധാന പോസ്റ്ററിനൊപ്പം ഏഴു പോസ്റ്ററുകൾ കൂടി പുറത്തിറക്കിയിട്ടുണ്ട്. അറബ് ലോകത്തിന്റെ പാരമ്പര്യം, ആഘോഷം, ഫുട്ബോളിനോടുള്ള ഖത്തറിന്റെ അഭിനിവേശം, ഖത്തറിന്റെ ഫുട്ബോൾ സംസ്കാരം, ലോകകപ്പിനെ വരവേൽക്കാനുള്ള ആവേശം എന്നിവ പ്രതിഫലിപ്പിക്കുന്നതാണ് പോസ്റ്ററുകൾ. കുടുംബങ്ങളെ ഒരുമിച്ച് ചേർക്കുന്നതിൽ ഫുട്ബോൾ എന്ന കായിക ഇനത്തിനുള്ള പ്രാധാന്യവും പോസ്റ്ററുകളിൽ നിന്നറിയാം.
പോസ്റ്ററുകളിൽ മാത്രമല്ല പരമ്പരാഗത ശിരോവസ്ത്രത്തിന് പ്രാധാന്യം നൽകി കൊണ്ടാണ് ഖത്തർ ലോകകപ്പിന്റെ ലോഗോ, വേദികളിലൊന്നായ അൽ തുമാമ സ്റ്റേഡിയം, ഔദ്യോഗിക ചിഹ്നമായ ലഈബ് എന്നിവയുടെ ഡിസൈനും. അറബ് ലോകത്തെ പുരുഷന്മാരും ആൺകുട്ടികളും ധരിക്കുന്ന ഗാഫിയ എന്ന തലപ്പാവിന്റെ മാതൃകയിലാണ് അൽ തുമാമ നിർമിച്ചിരിക്കുന്നത്.