സൗദി അറേബ്യയുടെ മനുഷ്യാവകാശ കമ്മീഷന്‍ മേധാവിയായി വനിത: ഡോ. ഹലാ ബിന്‍ത് മസീദ് ബിന്‍ മുഹമ്മദ് അല്‍ തുവൈജിരിയെ കമ്മീഷൻ മേധാവിയായി നിയമിച്ചു

17

സൗദി അറേബ്യയുടെ മനുഷ്യാവകാശ കമ്മീഷന്‍ മേധാവിയായി ഡോ. ഹലാ ബിന്‍ത് മസീദ് ബിന്‍ മുഹമ്മദ് അല്‍ തുവൈജിരി. ഭരണാധികാരിയ സല്‍മാന്‍ രാജാവാണ് ഡോ. ഹലാ ബിന്‍തിനെ നിയമിച്ചത്. നിലവിലെ കമ്മീഷന്‍ തലവനായ ഡോ. അവാദ് ബിന്‍ സ്വാലിഹ് അല്‍ അവാദിനെ റോയല്‍ കോര്‍ട്ട് ഉപദേശകരില്‍ ഒരാളായി നിയമിച്ചു.  2017 ജൂണ്‍ മുതല്‍ ഫാമിലി അഫയേഴ്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ പദവി വഹിക്കുകയായിരുന്നു ഡോ. ഹലാ അല്‍തുവൈജിരി. 2021 ഏപ്രില്‍ മുതല്‍ മാവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഉപദേഷ്ടാവായും സേവനം അനുഷ്ഠിച്ചു വരുന്നു. ജി20 സ്ത്രീ ശാക്തീകരണ സംഘത്തിന്റെ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കിങ് സഊദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍, ബിരുദം, മാസ്റ്റര്‍, പിഎച്ച്ഡി ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. അമീറ നൂറ അവാര്‍ഡ് ഫോര്‍ വിമന്‍സ് എക്‌സലന്‍സ് ഉപദേശക സമിതി, സൗദി അറേബ്യന്‍ സൊസൈറ്റി ഫോര്‍ കള്‍ച്ചറല്‍ ആന്‍ഡ് ഹെറിറ്റേജ് സാംസ്‌കാരിക പരിപാടി ഉപദേശക സമിതി അംഗമാണ്. കിങ് സഊദ് യൂണിവേഴ്‌സിറ്റി ആര്‍ട്‌സ് കോളേജ് വൈസ് ഡീന്‍, ഇംഗ്ലീഷ്, ലിറ്ററേച്ചര്‍ വിഭാഗം വൈസ്-ഡീന്‍, ലെക്ചറര്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. 2021ല്‍ കിങ് അബ്ദുല്‍ അസീസ് സെക്കന്‍ഡ് ഗ്രേഡ് മെഡല്‍ ലഭിച്ചു.  Read More: ജിദ്ദയെ ലോകോത്തര നഗരമാക്കാൻ പദ്ധതി അതേസമയം ബഹിരാകാശത്തേക്കും വനിതയെ അയയ്ക്കാനൊരുങ്ങുകയാണ് രാജ്യം. വനിതയുൾപ്പടെ രണ്ടുപേരെ അയക്കാനുള്ള തയ്യാറെടുപ്പിലാണ് സൗദി അറേബ്യ. ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലേക്കാണ് വനിതയെയും മറ്റൊരാളെയും അയക്കാൻ പദ്ധതിയെന്ന് സൗദി സ്‌പേസ് കമ്മീഷന്‍ വെളിപ്പെടുത്തി.  ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ സൗദി വനിതയായി ഇവര്‍ മാറും. ശാസ്ത്രീയ പരീക്ഷണങ്ങള്‍, അന്താരാഷ്ട്ര ഗവേഷണങ്ങള്‍, ബഹിരാകാശ സംബന്ധിയായ ഭാവി ദൗത്യങ്ങള്‍ എന്നിവയില്‍ പങ്കാളിത്തം വഹിക്കാന്‍ ദീര്‍ഘവും ഹ്രസ്വവുമായ ബഹിരാകാശ യാത്രകള്‍ക്ക് സൗദി യുവതീയുവാക്കളെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിടുന്ന സൗദി ബഹിരാകാശ യാത്രികര്‍ പ്രോഗ്രാമിന് കമ്മീഷന്‍ തുടക്കം കുറിച്ചു.

Advertisement
Advertisement