ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീന-ചിലി മത്സരം സമനിലയില്‍

18

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയെ സമനിലയില്‍ കുരുക്കി ചിലി (1-1). ഇതോടെ ലാറ്റിനമേരിക്കന്‍ മേഖലാ യോഗ്യതാ റൗണ്ടില്‍ ബ്രസീലിനെ മറികടന്ന് ഒന്നാമതെത്താനുള്ള അര്‍ജന്റീനയുടെ മോഹത്തിന് തിരിച്ചടിയേറ്റു. അഞ്ചു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പതിനൊന്ന് പോയിന്റുമായി രണ്ടാമതാണവര്‍. അഞ്ച് മത്സരങ്ങളില്‍ ഒന്ന് പോലും തോറ്റിട്ടില്ല എന്നത് കോപ്പ അമേരിക്കയ്ക്ക് മുന്‍പ് അര്‍ജന്റീനയ്ക്ക് ആശ്വാസം പകരുന്ന ഘടകമാണ്. നാലു കളികളില്‍ നിന്ന് പതിനൊന്ന് പോയിന്റുണ്ട് ഒന്നാം സ്ഥാനക്കാരായ ബ്രസീലിന്.  അഞ്ച് മത്സരങ്ങളില്‍ ഒന്ന് മാത്രം ജയിച്ച ചിലി അഞ്ച് പോയിന്റുമായി ആറാമതാണ്.

ഇരുപത്തിമൂന്നാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലയണല്‍ മെസ്സിയാണ് അര്‍ജന്റീനയെ ആദ്യം മുന്നിലെത്തിച്ചത്. ലൗട്ടരോ മാര്‍ട്ടിനെസിനെ ഫൗള്‍ ചെയ്തതിന് കിട്ടിയ പെനാല്‍റ്റിയാണ് മെസ്സി വലയിലെത്തിച്ചത്. വാറിന്റെ തുണയോടെയാണ് അര്‍ജന്റീനയ്ക്ക് പെനാല്‍റ്റി ലഭിച്ചത്.

മുപ്പത്തിയാറാം മിനിറ്റില്‍ അലക്‌സിസ് സാഞ്ചസ് ചിലിയെ ഒപ്പമെത്തിച്ചു. ഗാരി മെഡലിന്റെ ഫ്രീകിക്കില്‍ നിന്ന് ലഭിച്ച പന്ത് ഒഴിഞ്ഞ വലയിലേയ്ക്ക് ചെത്തിയിടുകയായിരുന്നു സാഞ്ചസ്. മെസ്സിക്ക് ഫ്രീകിക്കില്‍ നിന്ന് രണ്ട് സുവര്‍ണ ഗോവസരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍, ഒന്ന് ഗോള്‍കീപ്പര്‍ കുത്തിയകറ്റുകയും മറ്റൊന്ന് ബാറിലിടിച്ച് മടങ്ങുകയും ചെയ്തു.