ആദ്യ ചാന്ദ്ര യാത്രികൻ മൈക്കൽ കൊളിൻസ് അന്തരിച്ചു

14

മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ അപ്പോളോ-11 ദൗത്യത്തിലെ മൂവര്‍സംഘത്തില്‍ ഒരുവനായ മൈക്കല്‍ കൊളിന്‍സ് (90) അന്തരിച്ചു. നീല്‍ ആംസ്‌ട്രോങ്ങും എഡ്വിന്‍ ആള്‍ഡ്രിനും ചന്ദ്രനില്‍ കാല്‍മുദ്ര പതിപ്പിച്ചപ്പോള്‍ ഇവര്‍ സഞ്ചരിച്ച വാഹനവുമായി കമാന്‍ഡ് മൊഡ്യൂള്‍ പൈലറ്റായിരുന്ന കൊളിന്‍സ് മൈലുകള്‍ക്കപ്പുറം ചന്ദ്രനെ ചുറ്റിക്കൊണ്ടിരുന്നു. 1969 ജൂലായ് 20-നായിരുന്നു ചന്ദ്രനില്‍ മൂവര്‍സംഘം എത്തിയത്.

സൈനിക ഉദ്യോഗസ്ഥന്റെ മകനായി 1930 ഒക്ടോബര്‍ 31ന് ഇറ്റലിയിലാണ് കൊളിന്‍സിന്റെ ജനനം. അച്ഛനു പിന്നാലെ കൊളിന്‍സും സൈന്യത്തില്‍ ചേര്‍ന്നു. പറക്കലിനോടുള്ള താത്പര്യം പിന്നീടദ്ദേഹത്തെ വ്യോമസേനയിലെത്തിച്ചു. ചന്ദ്രനില്‍ കാലുകുത്തിയില്ലെന്ന പേരില്‍ ആംസ്‌ട്രോങ്ങിനോളവും ആല്‍ഡ്രിനോളവും കൊളിന്‍സ് പ്രശസ്തിക്കു പാത്രമായിരുന്നില്ല. അതുകൊണ്ടുതന്നെ ‘മറക്കപ്പെട്ട ബഹിരാകാശ യാത്രികന്‍’ എന്നും അദ്ദേഹത്തിന് വിളിപ്പേരുണ്ട്. രണ്ടുതവണയാണ് കൊളിന്‍സ് ബഹിരാകാശയാത്ര നടത്തിയത്. ജെമിനി-10 ദൗത്യത്തിലായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത് അപ്പോളോ-11-ലും.