അത്ലറ്റിക്കോ മഡ്രിഡിന് ലാ ലിഗ കിരീടം

8

അത്ലറ്റിക്കോ മഡ്രിഡിന് ലാ ലിഗ കിരീടം. നിര്‍ണായകമായ അവസാന ലീഗ് മത്സരത്തില്‍ വല്ലാഡോളിഡിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് അത്‌ലറ്റിക്കോ കിരീടത്തില്‍ മുത്തമിട്ടത്. 

നീണ്ട ആറു സീസണുകളുടെ കാത്തിരിപ്പിനൊടുവിലാണ് അത്‌ലറ്റിക്കോ ലാ ലിഗ ചാമ്പ്യന്‍മാരാകുന്നത്. 2013-14 സീസണിലാണ് അവര്‍ അവസാനമായി കപ്പുയര്‍ത്തിയത്. അത്‌ലറ്റിക്കോയുടെ 11-ാം ലീഗ് കിരീടമാണിത്. 38 മത്സരങ്ങളില്‍ നിന്ന് 86 പോയന്റോടെയാണ് അത്‌ലറ്റിക്കോയുടെ കിരീട നേട്ടം. 

നിര്‍ണായക മത്സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു അത്‌ലറ്റിക്കോയുടെ തിരിച്ചുവരവ്. 18-ാം മിനിറ്റില്‍ തന്നെ ഓസ്‌കാര്‍ പ്ലാനോയിലൂടെ വല്ലാഡോളിഡാണ് ലീഡെടുത്തത്. 

57-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ കോറിയയിലൂടെ അത്‌ലറ്റിക്കോ സമനില പിടിച്ചു. 67-ാം മിനിറ്റില്‍ ലൂയിസ് സുവാരസാണ് അത്‌ലറ്റിക്കോയുടെ കിരീടമുറപ്പിച്ച ഗോള്‍ നേടിയത്.