Home International തൃശൂര്‍ സ്വദേശി ആതിര മോഹന്റെ മതം മാറ്റം; സ്വന്തം ഇഷ്ടപ്രകാരമെന്ന് ആയിഷ, വ്യാജ പ്രചരണം നടക്കുന്നുവെന്നും വിമർശനം

തൃശൂര്‍ സ്വദേശി ആതിര മോഹന്റെ മതം മാറ്റം; സ്വന്തം ഇഷ്ടപ്രകാരമെന്ന് ആയിഷ, വ്യാജ പ്രചരണം നടക്കുന്നുവെന്നും വിമർശനം

0
തൃശൂര്‍ സ്വദേശി ആതിര മോഹന്റെ മതം മാറ്റം; സ്വന്തം ഇഷ്ടപ്രകാരമെന്ന് ആയിഷ, വ്യാജ പ്രചരണം നടക്കുന്നുവെന്നും വിമർശനം

താന്‍ മതം മാറിയതുമായി ബന്ധപ്പെട്ട് നാട്ടിലെ ചില ഓണ്‍ലൈന്‍, യുട്യൂബ് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത ശരിയല്ലെന്ന് തൃശൂര്‍ സ്വദേശി ആതിര മോഹന്‍ എന്ന ആയിഷ. മതംമാറി ആയിഷയെന്ന പേരു സ്വീകരിച്ച തന്നെ സിറിയയിലെ തീവ്രവാദ ക്യാമ്പിലേക്ക് കൊണ്ടുപോകുകയാണെന്ന തരത്തില്‍ പ്രചാരണം നടക്കുന്നത് ശരിയല്ലെന്ന് ജിദ്ദയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇവര്‍ തന്റെ ഭാഗം വ്യക്തമാക്കിയത്.
താന്‍ വിവിധ മതങ്ങളെ കുറിച്ച് പഠിക്കാന്‍ ശ്രമിച്ചു. ഇതേതുടര്‍ന്ന് തനിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്വന്തം തീരുമാനപ്രകാരം ഇസ്ലാം മതം സ്വീകരിച്ചത്. റംസാന്‍ രണ്ടിനാണ് ഇസ്ലാം മതം സ്വീകരിച്ചത്. ഇസ്ലാം മതം സ്വീകരിക്കുന്നതില്‍ ആരുടെ ഭാഗത്തുനിന്നും സമ്മര്‍ദ്ദമോ പ്രേരണയോ ഉണ്ടായിട്ടില്ല. അതേസമയം പരിചയമുള്ളവരോട് ഇസ്ലാം മതം സ്വീകരിക്കുന്ന നടപടിക്രമങ്ങളെ കുറിച്ച് ചോദിച്ചു മനസ്സിലാക്കിയിട്ടുണ്ട്. വിവാഹിതയും ഒരു കുട്ടിയുമുള്ള താന്‍ ഭര്‍ത്താവായ ബെന്നി ആന്റണിയുമായി സ്വരചേര്‍ച്ചയില്ലാത്തതിനാല്‍ അകന്നുകഴിയുകയാണ്. പത്തുവര്‍ഷത്തെ ദാമ്പത്യബന്ധത്തില്‍ ഒരുപാട് തിക്താനുഭവങ്ങളുണ്ടായി. വിദേശത്ത് ജോലിചെയ്യുന്ന തന്റെ സമ്പാദ്യം മുഴുവന്‍ ഭര്‍ത്താവിനയച്ചുകൊടുക്കാറാണ് പതിവ്. അവരത് ദുര്‍ത്തടിച്ച് നശിപ്പിക്കുകയായിരുന്നുവെന്ന് ആയിഷ പറയുന്നു.
ഭര്‍ത്താവുമായി യോജിച്ചുപോകുവാന്‍ സാധിക്കില്ലെന്ന് മനസ്സിലായതിന്റെ അടിസ്ഥാനത്തില്‍ ബന്ധം പേര്‍പെടുത്തുവാനും എട്ടു വയസുള്ള തന്റെ മകനെ തിരിച്ചുകിട്ടാനും നിയമ പരമായ നീക്കങ്ങള്‍ നടത്തുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് തനിക്കെതിരെ അപവാദ പ്രചരണം നടത്തുന്നതെന്നും ഇതിനായി നാട്ടിലുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളെ കൂട്ടുപിടിക്കുകയാണെന്നും ആയിഷ പറഞ്ഞു. താന്‍ നാട്ടിലായിരുന്നപ്പോള്‍ ഭര്‍ത്താവ് മദ്യപിച്ചു വീട്ടില്‍ വന്ന് ഉപദ്രവിക്കുമായിരുന്നു. തന്നെ അപമാനിക്കും വിധം പ്രചരണം നടത്തുന്നവര്‍ക്കെതിരെ സാധ്യമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായും വാര്‍ത്താ സമ്മേളനത്തില്‍ ആയിഷ വ്യക്തമാക്കി. ജിദ്ദയിലെ അല്‍മാസ് എന്ന ആശുപത്രിയിലാണ് ആയിഷ റേഡിയോളജിസ്റ്റായി ജോലി ചെയ്യുന്നത്.
ആയിഷ ജോലിയില്‍ മിടുക്കിയാണെന്നും എന്നാല്‍ ആവരുടെ വ്യക്തിപരമായ വിഷയത്തില്‍ സ്ഥപനം ഇടപെടാറില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതരായ അല്‍മാസ് പതിനിധികളായ മാനേജര്‍ ആസിഫ് അലി, ജന.മാനേജര്‍ മുസ്തഫ സയിദ്, ഡയറക്ടര്‍മാരായ സി.കെ കുഞ്ഞിമരക്കാര്‍, റാഫി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ആയിഷക്ക് എതിരെ നടക്കുന്ന പ്രചാരണത്തില്‍ ആശുപത്രിയുടെ പേരുകൂടി വലിച്ചിഴക്കുന്നതില്‍ നിയമനടപടിക്കൊരുങ്ങുകയാണെന്ന് മാനേജ്മെന്റും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here