നാലരപ്പതിറ്റാണ്ടിന്റെ ബന്ധം അവസാനിച്ചു: പുതുവർഷത്തിൽ യൂറോപ്യൻ യൂണിയനോട് വിട പറഞ്ഞ് സ്വതന്ത്ര രാജ്യമായി ബ്രിട്ടൻ

14

പുതുവർഷത്തിൽ യൂറോപ്യൻ യൂണിയനോട് വിടപറഞ്ഞ് ബ്രിട്ടൻ സ്വതന്ത്രരാജ്യമായി. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് 48 വർഷത്തെ ബന്ധമുപേക്ഷിച്ച് ബ്രിട്ടൻ ഔദ്യോഗികമായി ഇ.യു. വിട്ടത്. നാലരവർഷം നീണ്ട ബ്രെക്സിറ്റ് ചർച്ചകൾക്കും വോട്ടെടുപ്പുകൾക്കും സംവാദങ്ങൾക്കും ഇതോടെ വിരാമമായി.

Advertisement

ബ്രെക്സിറ്റിനുശേഷവും ഇ.യു.വുമായി വ്യാപാരബന്ധം തുടരുന്നതിനുള്ള കരാറും പുതുവത്സരദിനത്തിൽ നിലവിൽവന്നു. ബ്രിട്ടീഷ് പാർലമെന്റിലെ ഇരുസഭകളും ചേർന്ന് പാസാക്കിയ ബ്രെക്സിറ്റ് ബില്ലിന് ബുധനാഴ്ച എലിസബത്ത് രാജ്ഞിയും അനുമതി നൽകിയിരുന്നു. ഇതോടെ ബിൽ നിയമമായി. പുതുവർഷം പുതിയൊരു തുടക്കമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. യൂറോപ്യൻ യൂണിയനുമായി ഭാവിയിലും ബന്ധം തുടരുന്നതിനുള്ള ബിൽ ഒറ്റദിവസംകൊണ്ട് പാസാക്കാൻ സഹായിച്ച പാർലമെന്റംഗങ്ങളോടും സഹപ്രവർത്തകരോടും അദ്ദേഹം നന്ദിപറഞ്ഞു. നേരത്തേ ബ്രിട്ടൻ 27 അംഗ യൂണിയൻ വിട്ടിരുന്നെങ്കിലും വിടുതൽ കാലാവധി അവസാനിച്ചത് വ്യാഴാഴ്ചയാണ്.

‘‘ബ്രിട്ടന്റെ ഭാവി നമ്മുടെ കൈയിലാണ്. ബ്രിട്ടീഷ് ജനതയുടെ താത്പര്യത്തിനൊത്തും ലക്ഷ്യബോധത്തോടെയും നമ്മളീ ചുമതല ഏറ്റെടുക്കും’’ -അദ്ദേഹം പറഞ്ഞു.

2016 ജൂണിലാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്ന കാര്യത്തിൽ ഹിതപരിശോധന നടത്തിയത്. ഹിതപരിശോധന അനുകൂലമായതോടെ അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ രാജിവെച്ചു. തുടർന്ന് അധികാരത്തിലേറിയ തെരേസ മേയ്ക്കും ബ്രെക്സിറ്റ് യാഥാർഥ്യമാക്കാൻ സാധിക്കാതെ പടിയിറങ്ങേണ്ടിവന്നു. ബ്രെക്സിറ്റ് നടപ്പാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് പിന്നീട് ബോറിസ് ജോൺസൺ അധികാരമേറ്റത്.

Advertisement