മലപ്പുറം സ്വദേശി ശാസ്ത്രജ്ഞന് ഭൗതിക ശാസ്ത്ര അന്താരാഷ്ട്ര പുരസ്‌കാരം

20

മലയാളി ശാസ്ത്രജ്ഞന് വേൾഡ് അക്കാദമി ഓഫ് സയൻസ് അവാർഡ്. ടാറ്റാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിനു കീഴിൽ ബെംഗളൂരുവിലുള്ള ഇന്റർനാഷനൽ സെന്റർ ഫോർ തിയററ്റിക്കൽ സയൻസിൽ (ഐസിടിഎസ്-ടിഐഎഫ്ആർ) ശാസ്ത്രജ്ഞനായ ഡോ. അജിത്ത് പരമേശ്വരനാണ് യുവ ശാസ്ത്രജ്ഞനുള്ള ഭൗതി ശാസ്ത്ര പുരസ്കാരം നേടിയത്. മലപ്പുറം മേലാറ്റൂർ സ്വദേശിയാണ് അജിത്ത് പരമേശ്വരൻ.

ഇറ്റലി ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് അക്കാദമി ഓഫ് സയൻസ്, വികസ്വര രാജ്യങ്ങളിലെ മിടുക്കരായ യുവ ശാസ്ത്രജ്ഞർക്കാണ് പുരസ്കാരം നൽകുന്നത്. തമോഗർത്തങ്ങൾ തമ്മിൽ കൂട്ടിമുട്ടുമ്പോഴുണ്ടാകുന്ന ഗുരുത്വ തരംഗങ്ങളെ പ്രവചിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച ഗവേഷകനാണ് ഇദ്ദേഹം.

ഗുരുത്വതരംഗങ്ങളെക്കുറിച്ചുള്ള ഐൻസ്റ്റൈന്റെ പ്രവചനത്തിന് തെളിവ് കണ്ടെത്തിയ ലിഗോ ഗവേഷക സംഘത്തിൽ 2004 മുതൽ അംഗമാണ് അജിത്ത്. അജിത്തും ഐസിടിഎസ്-ടിഐഎഫ്ആർ -ലെ ഗവേഷക സംഘവും ലിഗോയുടെ ഗവേഷണങ്ങളിൽ സുപ്രധാന സംഭാവനകൾ നൽകിയിട്ടുണ്ട്.

കോട്ടയം എം.ജി സർവകലാശാലയിൽ എംഎസ്സിനേടിയ അജിത്ത് പരമേശ്വരൻ ജർമനിയിലെ മാക്സ്പ്ലാങ്ക് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഗ്രാവിറ്റേഷൻ ഫിസിക്സിൽനിന്ന് പി.എച്ച്.ഡിയും നേടി. കാലിഫോർണിയ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്, ഇന്ത്യൻ അക്കാദമി ഓഫ് സയൻസസിന്റെ അസോസിയേറ്റ്ഷിപ്പ്, രാമാനുജൻ ഫെലോഷിപ്, സിഫാർ-അസ്രയേലി ഗ്ലോബൽ സ്കോളർ ഫെലോഷിപ്പ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.