
വ്യാപാര രംഗത്തെ മികവിനുള്ള ശൈഖ് ഖലീഫ എക്‌സലന്‍സ് പുരസ്‌കാരം റീട്ടെയില്‍ രംഗത്തെ പ്രമുഖരായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന് ലഭിച്ചു. അബുദാബി ഭരണാധികാരിയും യു.എ.ഇ. പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍ത്തൃത്വത്തില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ നഹ്യാനാണ് സമ്മാനിച്ചത്.
ജനപ്രീതി, ഗുണനിലവാരം, വിശ്വാസ്യത എന്നിവ മുന്‍നിര്‍ത്തിയാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. അബുദാബി എമിറേറ്റ്‌സ് പാലസില്‍ വെച്ച് നടന്ന ചടങ്ങില്‍ ലുലു ഗ്രുപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്‌റഫ് അലി, ലുലു ദുബായ് ഡയറക്ടര്‍ ജയിംസ് വര്‍ഗീസ് എന്നിവര്‍ കിരീടാവകാശിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി എന്നിവരടക്കം നിരവധി പ്രമുഖര്‍ സന്നിഹിതരായിരുന്നു.
യൂറോപ്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ ക്വാളിറ്റി മാനേജ്‌മെന്റിന്റെ എക്‌സലന്‍സ് മോഡല്‍ അനുസരിച്ചുള്ള വ്യവസ്ഥകളും ഉപാധികളും പരിഗണിച്ച് നടത്തിയ കര്‍ശനമായ പരിശോധനയിലാണ് ശൈഖ് ഖലീഫ എക്‌സലന്‍സ് അവാര്‍ഡ് നിശ്ചയിക്കുന്നത്. നേതൃത്വം, ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം, വിഭവശേഷി, ജീവനക്കാരുടെ പരിരക്ഷ തുടങ്ങി നിരവധി മാനദണ്ഡങ്ങളാണ് പുരസ്‌കാരത്തിനായി ജൂറി കമ്മിറ്റി വിലയിരുത്തുന്നത്.
ശൈഖ് ഖലീഫ എക്‌സലന്‍സ് പുരസ്‌കാരം ലഭിച്ചതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് എം.എ.അഷ്‌റഫ് അലി പറഞ്ഞു. ഉപഭോക്താക്കളുടെ സ്വീകാര്യതയും ലുലു സഹപ്രവര്‍ത്തകരുടെ ആത്മസമര്‍പ്പണത്തിന്റെയും പ്രതിഫലനമാണ് അഭിമാനാര്‍ഹമായ ഈ പുരസ്‌കാരമെന്ന് അദ്ദേഹം പറഞ്ഞു.