അക്കൗണ്ടിലെ രണ്ട് ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് ഭിന്നശേഷിക്കാരനായ ജനാർദ്ദനൻ: എല്ലാവരും മനസ് വെച്ചാൽ ഇതൊരു നിസാര കാര്യമെന്ന് ജനാർദ്ദനൻ, താൻ ജീവിച്ചിരിക്കുന്നത് കേരളത്തിലെ സർക്കാരിന്‍റെ ചികിൽസയിൽ: മനസ് തുറന്ന് ജനാർദ്ദനൻ

12

അക്കൗണ്ടില്‍ ഉണ്ടായിരുന്ന 2,00850 രൂപയില്‍ 850 രൂപ മാത്രം ബാക്കിവെച്ച് മിച്ചമുള്ള രണ്ടുലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയ ആ ബീഡിത്തൊഴിലാളി കണ്ണൂർ കുറുവ സ്വദേശിയായ ഭിന്നശേഷിക്കാരനായ ജനാർദ്ദനനാണ് ആ നല്ല മനസിന്‍റെ ഉടമ. വാക്‌സിന്‍ ചലഞ്ച് ആരംഭിച്ച ദിവസങ്ങളിലായിരുന്നു ജനാര്‍ദന്‍ വന്‍തുക സംഭാവന നല്‍കിയത്. പേരു വെളിപ്പെടുത്തരുതെന്ന അഭ്യര്‍ഥന അദ്ദേഹം ബാങ്ക് അധികൃതര്‍ക്കു മുന്നില്‍വെക്കുകയും ചെയ്തിരുന്നു. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ സി.കെ. വിജയന്‍ ആണ് ജനാര്‍ദനനെ കണ്ടെത്തി സംസാരിച്ചത്. 35-36 വര്‍ഷത്തോളം ദിനേശില്‍ ജോലി ചെയ്ത ജനാർദ്ദനൻ 12 വർഷം മുമ്പാണ് ദിനേശ് വിട്ടത്. ഇപ്പോള്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ആഴ്ചയില്‍ 3000-3500 ബീഡികള്‍ തെറുക്കും. ആയിരം രൂപയോളം കിട്ടും. സമ്പാദ്യം, ഭാര്യയുടെയും തന്റെയും ഗ്രാറ്റുവിറ്റി ഒക്കെ ചേര്‍ന്ന തുകയായിരുന്നു ബാങ്കിലുണ്ടായിരുന്നത്. ആ തുകയില്‍നിന്നാണ് രണ്ടുലക്ഷം വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി സി.എം.ഡി.ആര്‍.എഫിലേക്ക് സംഭാവന ചെയ്തത്. ആരെങ്കിലും പറഞ്ഞിട്ടാണോ ഇത്ര വലിയ തുക സംഭാവന നല്‍കിയതെന്ന ചോദ്യത്തിന്, മുഖ്യമന്ത്രി ഒരു വാക്കു പറഞ്ഞിരുന്നു, വാക്‌സിന്‍ സൗജന്യമായി കൊടുക്കുമെന്ന്. കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന് വില നിശ്ചയിച്ചല്ലോ. അത് മൊത്തം ആലോചിച്ചു നോക്കുമ്പോള്‍ നമ്മുടെ കേരളത്തിന് താങ്ങാന്‍ പറ്റുന്നതില്‍ അപ്പുറമാണ് ആ വില. യഥാര്‍ഥത്തില്‍ മുഖ്യമന്ത്രിയെ കുടുക്കാന്‍ വേണ്ടീട്ട് ചെയ്തതായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. മുഖ്യമന്ത്രിക്ക് ശക്തമായ പിന്തുണ കൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് താന്‍ ഈ കാര്യം ചെയ്തതെന്നായിരുന്നു ജനാർദ്ദനന്‍റെ മറുപടി. താൻ കമ്മ്യൂണിസ്റ്റുകാരനാണ്. പക്ഷേ, നൂറ് ശതമാനമല്ല, കമ്യൂണിസ്റ്റുകാരന്‍ എന്നു പറയുമ്പോള്‍ സ്വന്തം ജീവന്‍ തന്നെ പാര്‍ട്ടിക്കു വേണ്ടി ദാനം ചെയ്യണം എന്ന കാഴ്ചപ്പാടാണുള്ളത്. പക്ഷെ ജീവനൊന്നും കൊടുത്തിട്ടില്ലാത്തതിനാൽ നൂറ് ശതമാനല്ല. ജീവന്‍ കൊടുക്കാന്‍ വേണ്ടിയുള്ള അവസരം ഉണ്ടായാല്‍ അത് കൊടുക്കും. പാര്‍ട്ടിയോട് അത്രയും കൂറുണ്ട്. സംഭാവന നല്‍കുന്ന കാര്യത്തില്‍ മക്കളില്‍നിന്ന് പൂർണ്ണ പിന്തുണ ലഭിച്ചിരുന്നു. കേരളത്തിലുള്ള എല്ലാവരും മനസ്സുവെച്ചാല്‍ ഇതൊരു(വാക്‌സിന്‍ ചലഞ്ച്) നിസ്സാര കാര്യമാണ്. അത്രയും സമ്പത്തും കഴിവും വിദ്യാഭ്യാസവും ഒക്കെയുള്ള ജനങ്ങളാണ് മലയാളികള്‍. അപ്പോ ഇത് നിസാര സംഗതിയാണ്. താനൊരു വികലാംഗനാണ്. നേരത്തെ തന്നെ എന്നിലായി ഒതുങ്ങി നില്‍ക്കുന്നയാളാണ് അതു കൊണ്ടാണ് പുറത്തു പറയേണ്ട എന്ന് തീരുമാനിച്ചത്.
നിരവധി ആരോഗ്യപ്രശ്‌നങ്ങളുള്ള ആളാണ്. ഇപ്പോള്‍ സംസാരിക്കുന്നത് ഇയര്‍ ഫോണ്‍ ഉള്ളതുകൊണ്ടാണ്. ഇടതു ചെവി തീരെ കേള്‍ക്കില്ല. വലതുചെവി രണ്ട് ഓപ്പറേഷന്‍ കഴിഞ്ഞതാണ്. പിന്നെ രണ്ടു വട്ടം ടി.ബി. വന്നു. കേരള സര്‍ക്കാരിന്റെ ചികിത്സയിലാണ് രക്ഷപ്പെട്ടത്. അതിന്റെ ഒരു നന്ദി കൂടി സര്‍ക്കാരിനോടുണ്ട്. കണ്ണൂര്‍ ജില്ലാ ആശുപത്രിയോടും ഡോക്ടര്‍മാരോടും ജീവനക്കാരോടും കടപ്പാടുണ്ട്. അവരാണ് രക്ഷകര്‍. ആ ആത്മവിശ്വാസം കൂടിയാണ് ഈ ദാനത്തിനു പിന്നിലുള്ള പ്രചോദനം.- അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.  കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒന്നാമത്തെ വാക്‌സിന്‍ എടുത്തിട്ടുണ്ടെന്ന് പറഞ്ഞ ജനാർദ്ദനൻ സ്വന്തം കാര്യം മാത്രം നോക്കാതെ, സമൂഹത്തിനു വേണ്ടി കൂടി കാര്യങ്ങള്‍ ചെയ്യണം. ഇടുങ്ങിയ ചിന്താഗതി മാറ്റി വിശാലമായി ചിന്തിക്കണം എന്നു മാത്രമേ പറയാനുള്ളൂവെന്നുമാണ് ജനാർദ്ദനന് സമൂഹത്തിനോട് പറയാനുള്ളത്.