ആർക്ക് കരകയറ്റാനാവും ഈ പതനത്തിൽ നിന്ന് കോൺഗ്രസിനെ..?; മുല്ലപ്പള്ളിക്കും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം

13

കോൺഗ്രസിനും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം. ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളിൽ മുല്ലപ്പള്ളി ഇടപെട്ടില്ലെന്നും കെ മുരളീധരൻ്റെ പ്രചാരണത്തിന് മുല്ലപ്പള്ളി പോയില്ലെന്നും സമസ്ത മുഖപത്രമായ സുപ്രഭാതം മുഖലേഖനത്തിൽ വിമർശിക്കുന്നു. കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്ത് മതനിരപേക്ഷതയുള്ള നേതാക്കളെ കൊണ്ട് വരണമെന്നും മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു. സി.എ.എ കേരളത്തില്‍ നടപ്പാക്കില്ലെന്ന് പലവട്ടം മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും അതേപറ്റി ഒന്നും പറയാത്ത പല കേണ്‍ഗ്രസ് നേതാക്കളും കേരളത്തിലുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍ അവരില്‍ പ്രധാനിയായിരുന്നു. നേമത്ത് മതേതര ജനാധിപത്യവാദിയായ, കെ.കരുണാകരന്‍റെ പിന്‍ഗാമിയായ കെ മുരളീധരന്‍ മത്സരിച്ചപ്പോള്‍ അങ്ങോട്ട് എത്തിനോക്കാന്‍ പോലും മുല്ലപ്പള്ളി തയ്യാറായില്ല. ഇത്തരം കെ.പി.സി.സി പ്രസിഡന്‍റുമാരുള്ളപ്പോള്‍ എങ്ങനെയാണ് യു.ഡി.എഫ് ജയിക്കുക എന്നാണ് മുഖപ്രസംഗം ചോദിക്കുന്നു. നേമത്ത് പോകാതിരുന്നത് തന്നെ ക്ഷണിക്കാത്തതിനാലാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ പരിഭവം. നേമത്ത് എന്താ മുരളീധരന്‍റെ മകളുടെ വിവാഹം നടക്കുകയായിരുന്നോ ക്ഷണിക്കാനെന്നും മുഖപ്രസംഗം പരിഹസിക്കുന്നു. ആര്‍ക്ക് കരകയറ്റാനാകും കോണ്‍ഗ്രസിനെ ഈ പതനത്തില്‍നിന്ന്? രാഹുല്‍ ഗാന്ധിയുടെ ഉപജാപക സംഘത്തിലുള്ള പ്രധാനിയായ മലയാളിയെന്ന് കെ.സി വേണുഗോപാലിനെ പേരെടുത്ത് പറയാതെ വിമര്‍ശിക്കുന്നു. കേരളത്തില്‍ ഇടതുപക്ഷത്തിനു ഭരണത്തുടര്‍ച്ചയുണ്ടായതിനു കാരണക്കാര്‍ കോണ്‍ഗ്രസ് നേതാക്കളാണ്. അധികാരത്തിന്റെ സോപാനം സ്വപ്നം കണ്ടു ഒന്നിച്ച് ചേര്‍ന്ന വിവിധ വിഭാഗങ്ങളുടെ ഒരു സങ്കര സമുച്ചയമാണ് കേരളത്തിലെ ഇന്നത്തെ കോണ്‍ഗ്രസെന്നും ഒരു നയമോ പരിപാടിയോ കേരളത്തിലെ ഈ പാര്‍ട്ടിക്കില്ലെന്നും പറയുന്നുണ്ട്. ശശി തരൂര്‍, വിഡി സതീശന്‍, കെ.മുരളീധരന്‍, കെ.സുധാകരന്‍ എന്നിവരെപ്പോലുള്ള ജാതി, മത വ്യത്യാസം കാണിക്കാത്ത, ഗ്രൂപ്പുകള്‍ക്ക് അതീതരായ, കറ കളഞ്ഞ മതനിരപേക്ഷ ജനാധിപത്യ കാവലാളുകളായ നേതാക്കള്‍ കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ വരുന്നില്ലെങ്കില്‍ ആര്‍ക്ക് കരകയറ്റാനാകും കോണ്‍ഗ്രസിനെ ഈ പതനത്തില്‍ നിന്ന്? എന്ന ചോദ്യത്തോടെയാണ് മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.