ഇന്ന് പരിസ്ഥിതി ദിനം: തൃശൂരിന്റെ ‘ഓക്സിജൻ സിലിണ്ട’റിൽ വളരുന്നത് അപൂർവ്വ ഔഷധ മരങ്ങൾ; നഗരത്തിന് നടുവിലെ ‘തേക്കിൻകാടെ’ന്ന കുളിർക്കുട ലോകത്തെ അപൂർവ്വ വിസ്മയം; ഇൻഡാക് പഠന റിപ്പോർട്ട് കൊച്ചിൻ ദേവസ്വം ബോർഡിന്, തേക്കിൻകാട്ടിലെ വൃക്ഷങ്ങൾ നഗരത്തിൽ വേറിട്ട ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നുവെന്ന് വിദഗ്ദ സംഘം

23

തൃശൂരിന്റെ ഓക്സിജൻ സിലിണ്ടറായ പച്ചപ്പുകൊണ്ട് കുളിർക്കുടചൂടിയ തേക്കിൻകാട്ടിൽ 661 മരങ്ങൾ. അതിലേറെയും ഔഷധഗുണമുള്ളവ. നഗരത്തിന് നടുവിൽ ഇത്രയേറെ മരങ്ങളാൽ സമൃദ്ധമായ സൗന്ദര്യ കേന്ദ്രം ലോകത്തിൽ തന്നെ അപൂർവ്വം. കേരളത്തിൽ മറ്റൊരിടത്തുമില്ല. ‘ഇൻഡാക്’ ( ഇന്ത്യ നാഷണൽ ട്രസ്റ്റ്‌ ഫോർ ആർട്ട്‌ ആന്റ്‌ കൾച്ചറൽ ഹെറിറ്റേജ്‌) നടത്തിയ പഠനത്തിലാണ് തേക്കിൻകാട് മൈതാനത്തിലെ മരങ്ങളെ കുറിച്ച് വിവരങ്ങൾ ശേഖരിച്ചത്. പരിസ്ഥിതിദിനമായ ശനിയാഴ്ച ഇൻഡാക് തേക്കിൻകാട്ടിലെ മരങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് ദേവസ്വം അധികൃതർക്ക് കൈമാറി. വിഷുവിനൊരുങ്ങും മുമ്പേ പൂരമെത്താറായെന്ന് അറിയിച്ച് സ്വർണ്ണ പൂക്കൾ വിടരുന്ന കണിക്കൊന്നകളും പൂമരങ്ങളുമാണ് തേക്കിൻകാട്ടിൽ കൂടുതലുള്ളത്. ഇവിടെയുള്ള 93 ഇനങ്ങളിൽ 46ഉം ഔഷധമൂല്യമുള്ളവയാണ്. കടുക്കയും താന്നിയും ഉൾപ്പെടെയാണിത്. 26 ഇനങ്ങൾ അലങ്കാര – ഉദ്യാന വൃക്ഷങ്ങളാണ്. സുന്ദരിയും ആരോഗ്യവതിയുമെങ്കിലും വിഷസ്വഭാവമുള്ള 38 ഇനങ്ങളും ഇവിടെയുണ്ട്. തൃശൂരിന്റെ അഭിമാനമാണ് തേക്കിൻകാട്. ആശങ്കയും അസ്വസ്ഥതയുമായെത്തുന്നവർ തേക്കിൻകാടിന്റെ മരച്ചുവട്ടിലൊന്നിരുന്നാൽ ആശങ്ക വഴിമാറും. ആശ്വാസവും ആത്മവിശ്വാസവും ഉയരും. കെട്ടുകഥയല്ല. അനുഭവങ്ങളാണ്. കോവിഡ് മഹാമാരിയും ലോക്ക് ഡൗണും ഇല്ലാതാക്കിയത് ആയിരങ്ങളുടെ ഈ ആശ്വാസം കൊള്ളലാണ്. തേക്കിൻകാടൊന്നു ചുറ്റിവന്നാൽ അത്രനേരം ക്ഷീണത്തിലായിരുന്നയാൾ ഉണർവിലാവും. തേക്കിൻകാടിന്റെ കൂട്ടായ്മകൾ കക്ഷി രാഷ്ട്രീയത്തിനും വലിപ്പച്ചെറുപ്പങ്ങൾക്കുമപ്പുറത്താണ്. പൂത്തും കായ്കളായും വീണും കിടക്കുന്ന മാമ്പഴങ്ങൾ ഇവിടുത്തെ പക്ഷിമൃഗാദികളുടെ ഭക്ഷണമാണ്. ഇത്തിക്കണ്ണികൾ പലതിനെയും ശ്വാസം മുട്ടിച്ച് കൊല്ലാനും ശ്രമിക്കുന്നുണ്ട്. കലിതുള്ളിയെത്തിയ കാലവർഷം തേക്കിൻകാട്ടിലെ മരത്തെ കടപുഴക്കിയപ്പോൾ അതിനെ വളർത്തിയെടുക്കാനെത്തിയത് തൃശൂർ അതിരൂപതയിലെ വികാരിയും തൃശൂരിന്റെ സാംസ്കാരിക രംഗത്തെ സജീവ സാനിധ്യവുമായ ഫാ.ഫ്രാൻസീസ് ആലപ്പാട്ടിന്റെ നേതൃത്വത്തിലായിരുന്നു. ഇവിടെയുള്ള വൃക്ഷവൈവിധ്യത്തിന് സംരക്ഷണം വേണമെന്നും തേക്കിൻകാട്ടിലെ വൃക്ഷവൈവിധ്യം നഗരമധ്യത്തിൽ വേറിട്ട ആവാസവ്യവസ്ഥ രൂപപ്പെടുത്തുന്നതാണെന്നുമാണ് പഠനം നടത്തിയ വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. ഇത് സംരക്ഷിക്കാൻ നടപടികൾ വേണമെന്ന ശുപാർശയോടെയാണ് ദേവസ്വത്തിനുള്ള ഇൻഡാക്കിന്റെ റിപ്പോർട്ട്. കെ.എഫ്.ആർ.ഐ. മുൻ ഡയറക്ടർ പി.എസ്. ഈസ, മുൻ ചീഫ് സയന്റിസ്റ്റ് എൻ. ശശിധരൻ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘമാണ് തേക്കിൻകാട്ടിലെ മരങ്ങളെക്കുറിച്ച് ഇൻഡാക് നടത്തിയ പഠനത്തിന് നേതൃത്വം നൽകിയത്