ഉപരിപഠനം ആഗ്രഹിക്കുന്ന മുഴുവൻ കുട്ടികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി: 26,481 സീറ്റുകളുടെ കുറവുണ്ടെന്നും മന്ത്രി

6

ഉപരിപഠനം ആഗ്രഹിക്കുന്ന മുഴുവൻ കുട്ടികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്താകെ 26,481 സീറ്റിന്‍റെ കുറവുണ്ടെന്നും അടിയന്തര പ്രമേയ നോട്ടീസിന് മറുപടി. കുട്ടികളുടെ സ്വപ്നങ്ങളുടെ ചിറകരിയരുതെന്ന് പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞു. മുഖ്യമന്ത്രി ഇടപെട്ട് നയപരമായ തീരുമാനം എടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. രണ്ടാം അലോട്ട്മെന്‍റ് കഴിയുന്നതോടെ പ്ലസ് വൺ പ്രവേശനം സംബന്ധിച്ച ആശങ്ക ഒഴിയുമെന്ന് മന്ത്രി ശിവന്‍കുട്ടി അടിയന്തര നോട്ടീസിന് മറുപടി നല്‍കി. ഹയർ സെക്കണ്ടറി സീറ്റുകളിൽ പുനക്രമീകരണം നടത്തും. മലപ്പുറം ജില്ലയിൽ സീറ്റ് കുറവുണ്ട്. മലബാർ മേഖലയിൽ 20 ശതമാനവും മറ്റ് ജില്ലകളിൽ 10 ശതമാനവും സീറ്റ് കൂട്ടും. ഉപരിപഠനം ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു. ഒരു ക്ലാസ്സിൽ പരമാവധി സീറ്റ് സംബന്ധിച്ച് കോടതി വിധിയുണ്ട്. അത് മറികടക്കാനാകില്ല. ബാച്ച് വർദ്ധനയാണ് വേണ്ടതെന്ന് എം കെ മുനീർ പറഞ്ഞു. കുട്ടികളുടെ സ്വപ്നങ്ങളുടെ ചിറകരിയരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സീറ്റ് സംബന്ധിച്ച മന്ത്രിയുടെ കണക്ക് ശരിയല്ല. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും നയപരമായ തീരുമാനം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്ലസ് വൺ വിജ്ഞാപനം ഇതു വരെ ഇറക്കിയിട്ടില്ല. സംവരണം 50 ശതമാനത്തിൽ കൂടരുതെന്ന കോടതി വിധിയുണ്ട്. ഇതിൽ മാനദണ്ഡം തയ്യാറായിട്ടില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വിഷയം മേശക്ക് ചുറ്റുമിരുന്ന് ചർച്ചക്ക് തയ്യാറെന്ന് മന്ത്രി ശിവൻ കുട്ടി മറുപടി നല്‍കി. വേണമെങ്കിൽ പ്രതിപക്ഷ നേതാവിന്‍റെ ഓഫീസിലും ചർച്ചക്ക് വരാം. മാർജിൻ വർദ്ധനവ് വന്നാൽ മലപ്പുറം ഒഴികെയുള്ള എല്ലാ ജില്ലകളിലും സീറ്റുകൾ തികയും. ആശങ്ക വേണ്ട. സഭ നിർത്തി വച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എല്ലാത്തിനും എപ്ലസ് കിട്ടിയ കുട്ടികൾക്ക് ആ ഗ്രഹിക്കുന്ന ബാച്ച് കിട്ടാത്ത സാഹചര്യമാണെന്ന് പ്രതിപക്ഷ നേതാവ് സതീശൻ വിമര്‍ശിച്ചു. മാർജിനൽ സീറ്റ് വർദ്ധന കോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രായോഗികമല്ലെന്നും കൂടുതൽ ബാച്ചുകൾ അനുവദിക്കണമെന്നും സതീശൻ പറഞ്ഞു. ഒന്നും രണ്ട് അലോട്ട്മെന്റ് കഴിഞ്ഞാൽ ജില്ലാടിസ്ഥാനത്തിൽ പരിശോധിക്കാമെന്ന് മന്ത്രി ശിവൻ കുട്ടി മറുപടി നല്‍കി.