ഉമ്മൻചാണ്ടിയും ചെന്നിത്തലയും ചോദിച്ചുവാങ്ങുന്ന ചവിട്ടിപ്പുറത്താക്കൽ: ഗ്രൂപ്പുകളെ പൊളിച്ചു, സമുദായ നേതാക്കൾക്കുള്ള മുന്നറിയിപ്പ്, മാറ്റം അനിവാര്യം; കാലത്തിനനുസരിച്ച് രാഷ്ട്രീയവും മാറണം, കാണേണ്ടത് പുതിയ അങ്കം

32

ട്വിസ്റ്റായിരുന്നോ… അല്ല…. സുവർണ്ണകാലം ഗതകാലത്തിലൊതുങ്ങുന്നത് നേരിൽ കാണുന്ന ദേശീയ നേതൃത്വം തീരുമാനിച്ചുറപ്പിച്ചുവെന്ന് വേണം പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ നിയമിച്ചതിലൂടെ മനസിലാക്കാൻ. പുതുമുഖങ്ങളുമായി കൂടുതല്‍ ഉറപ്പോടെ പിണറായി വിജയന്‍ കൂടുതല്‍ കരുത്തനാകുമ്പോള്‍ നിലവിലെ തട്ടിയും മുട്ടിയുമുള്ള കളികളിൽ ഇനി പിടിച്ചു നിൽക്കാനാവില്ലെന്ന് യുവതലമുറ തിരിച്ചറിയുകയും നേതൃത്വം അത് മനസിലാക്കുകയും ചെയ്തു. രാഷ്ട്രീയത്തിൽ ഒതുക്കൽ പുതുമയുള്ളതല്ല. തുടര്‍ഭരണമെന്ന ചരിത്രാധ്യായത്തിൽ ഉറപ്പായും മന്ത്രി പദവിയിൽ പ്രതീക്ഷിച്ച കെ.കെ. ശൈലജ പാര്‍ട്ടി വിപ്പിലേക്ക് മാറ്റപ്പെട്ടു. കോണ്‍ഗ്രസിലും ഇതുപോലൊരു വിപ്പുണ്ടായിരുന്നു. അത് വി.ഡി. സതീശനായിരുന്നു. 2011ല്‍ കഷ്ടിച്ച് ജയിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ എല്ലാവരും പ്രതീക്ഷിച്ച മന്ത്രി വി.ഡി. സതീശനായിരുന്നു.‘ ഐ’ ഗ്രൂപ്പില്‍നിന്ന് അടൂര്‍ പ്രകാശ്, സതീശന്‍, സി.എന്‍. ബാലകൃഷ്ണന്‍, എ.പി. അനില്‍കുമാര്‍ എന്നിങ്ങനെയായിരുന്നു ആദ്യ സൂചന.
സമാജികനെന്ന നിലയിലും എം.എല്‍.എ. എന്ന നിലയിലും നല്ല ട്രാക്ക് റെക്കോഡ്. മികച്ച വാഗ്മി എന്നിട്ടും അന്നത്തെ സസ്പെന്‍സില്‍ സതീശന് പകരം വി.എസ്. ശിവകുമാര്‍ സര്‍പ്രൈസ് എന്‍ട്രിയായി. ചങ്ങനാശ്ശേരിയില്‍ നിന്നുള്ള ഇടപെടലാണ് ആ സര്‍പ്രൈസിന് പിന്നില്‍ എന്നാണ് അണിയറയില്‍ കേട്ടത്. സതീശന്‍ ഒതുക്കപ്പെട്ടു. 10 വര്‍ഷം കഴിയുമ്പോള്‍ അതേ ചെന്നിത്തലയെ മാറ്റി പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസിന്റെ സഭാനാഥനായി സതീശന്‍ അവരോധിക്കപ്പെടുമ്പോൾ കാലവും ചരിത്രവും ആവശ്യപ്പെടുന്ന നിയോഗമാണത്. മന്ത്രിയാകുന്നത് തടഞ്ഞവരെ തന്നെ വെട്ടിമാറ്റിയുള്ള തിരിച്ചുവരവ്. തങ്ങൾക്ക് ശേഷം പ്രളയമെന്ന് കരുതിയ ഉമ്മൻചാണ്ടി, ചെന്നിത്തലയടക്കമുള്ള ഗ്രൂപ്പ് മാനേജർമാർ കേരളത്തിലെ കോൺഗ്രസിലെ അപ്രസക്തരാവുന്നതിന്റെ തുടക്കം കൂടിയായി കണക്കാക്കണം. തലമുറ മാറ്റത്തിന്റെ അടുത്തരംഗം ഇന്ദിര ഭവനിലായിരിക്കും. ഏത് നിമിഷവും മുല്ലപ്പള്ളിയുടെ പണിപോകുമെന്ന് വ്യക്തമായിട്ടുണ്ട്. ചെന്നിത്തല നല്ലൊരു സൂചനയാണ് മുല്ലപ്പള്ളിക്ക്. കേരളത്തിലെ ഹൈക്കമാന്‍ഡും ‘ഐ’, ‘എ’ ഗ്രൂപ്പുകളിലെ മാനേജര്‍മാരും ചേര്‍ന്ന് സംഘടിതമായി വെട്ടിയ കെ. സുധാകരന്റെ വരവാകുമോ പി.സി.സിയുടെ തലപ്പത്തേക്ക്. അതോ സുധാകരനും കടന്ന് അടുത്ത തലമുറയിലേക്ക് കടന്ന് വമ്പന്‍ അട്ടിമറിക്ക് സാധ്യതയുണ്ടോയെന്നതാണ് കാത്തിരിക്കുന്നത്. കെ.സിയുടെ അനിഷ്ടം സുധാകരന് പല തവണ വെല്ലുവിളിയായിരുന്നു. സുധാകരന്‍ അധ്യക്ഷനാവുകയാണെങ്കില്‍ ചെന്നിത്തലയ്ക്ക് ഐ ഗ്രൂപ്പിനു മുകളിലുള്ള ഗ്രിപ്പ് നഷ്ടപ്പെടും. ഐ ഗ്രൂപ്പ് സുധാകരനിലും സതീശനിലുമായി വിഭജിക്കപ്പെടും. അല്ലെങ്കില്‍ ഇവരുടെ അച്ചുതണ്ടില്‍ പുതിയ ചേരി രൂപം കൊള്ളും. അത് ഭാവിയിലെ രണ്ട് ഗ്രൂപ്പുകളായി പരിണമിക്കാം. അല്ലെങ്കില്‍ ഒരുവശത്ത് ഇവരും മറുവശത്ത് ‘എ’ ഗ്രൂപ്പിലെ യുവസംഘവുമായി കളി തുടരും. ഗ്രൂപ്പ് പലതാണെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായി വിഷ്ണുനാഥ്, ഹൈബി, ഷാഫി, റോജി, ശബരീനാഥന്‍, സിദ്ദിഖ്, ബല്‍റാം തുടങ്ങിയ യുവസംഘം പല കാര്യങ്ങളിലും യോജിച്ചാണ് നീങ്ങിയത്. പിണറായിയെ ജനം സ്വീകരിച്ചതിന് പല കാരണങ്ങളും പറയാനുണ്ടാകും. അതില്‍ ചെന്നിത്തലയെ ജനം അംഗീകരിക്കുന്നില്ല എന്ന് മറ്റൊരു ഉത്തരവുമുണ്ടെന്നത് കാണാതിരിക്കാനാവില്ല. ഒരേസമയം ഒരു മാധ്യമപ്രവര്‍ത്തകനായും പ്രതിപക്ഷ നേതാവായും ജാഗ്രതയോടെ ചെന്നിത്തല പ്രവര്‍ത്തിച്ചു. പക്ഷേ വാര്‍ത്താ സമ്മേളനം മാത്രമായി ആ ദൗത്യം ചുരുങ്ങി. കോൺഗ്രസിനും യു.ഡി.എഫിനും വേണ്ടി ഇത്രയേറെ അനുകൂല സാഹചര്യം ഉണ്ടായ മറ്റൊരു അവസ്ഥ സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. മാധ്യമങ്ങളും ബുദ്ധിജീവി താരങ്ങൾ നിരീക്ഷകർ തുടങ്ങി ഇടതുപക്ഷത്തെയും പിണറായിയെയും കടന്നാക്രമിച്ച് രംഗത്തെത്തി. കയ്യിൽ ഒന്നുമില്ലാതിരുന്നിട്ടും, ഇ.ഡിയും, കസ്റ്റംസും, പ്രതിപക്ഷ നിരയിലുള്ളവരും അയച്ചു കൊടുക്കുന്ന വാട്സാപ്പ് മെസേജുകളിൽ നിന്നും ദിവസവും സർക്കാർ വിരുദ്ധ വാർത്തകളുമായി മാധ്യമങ്ങൾ നിറഞ്ഞു. നിന്നു. സമുദായ നേതാക്കളും പരസ്യമായി രംഗത്തെത്തി. പക്ഷേ, തെരഞ്ഞെടുപ്പ് ഫലം ഇതെല്ലാം നിഷ്ഫലമാക്കുന്നതാണ്. സമുദായനേതാക്കൾ പറയുന്നതും മാധ്യമങ്ങൾ പറയുന്നതും ആരോപണങ്ങളല്ല, ജനങ്ങളുടെ വിശപ്പാണ് പ്രശ്നമെന്ന് മനസിലാക്കുന്നതിൽ കോൺഗ്രസും പ്രതിപക്ഷവും പരാജയപ്പെട്ടു. ആരോപണങ്ങളുമായി ദിവസവും മണിക്കൂറുകൾ ചിലവിട്ട് പ്രതിപക്ഷനേതാവ് മാധ്യമങ്ങളെ സമീപിച്ചപ്പോൾ വ്യക്തമായും കൃത്യതയോടെ പറയുന്ന പിണറായി ഒരുവശത്ത്. അരമണിക്കൂര്‍ പറഞ്ഞ് കാര്യത്തിന്റെ ഗൗരവം അവിടെ തന്നെ നഷ്ടമാക്കുകയായിരുന്നു.കാലം മാറി, രാഷ്ട്രീയവുമെന്നത് തിരിച്ചറിയാൻ കഴിഞ്ഞില്ല. സൈബര്‍ യുഗം പരമ്പരാഗത രീതികളെ താലോലിക്കാറില്ല. ഖദര്‍ കണ്ടും വള്ളിച്ചെരുപ്പിട്ട് ലാളിത്യം കാട്ടുന്നവര്‍ക്ക് മുന്നില്‍ വശംവദരാകുന്ന ആളുകളുടെ കാലം കഴിഞ്ഞു. വിരമിക്കാന്‍ പ്രായമായെന്ന് ചില നേതാക്കള്‍ എങ്കിലും സ്വയം ഓര്‍ക്കണം. അല്ലെങ്കില്‍ ജൂനിയേഴ്‌സ് അത് ഓര്‍മ്മിപ്പിക്കണം. സ്വയം വിരമിക്കാത്തവര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ സ്‌കീം നടപ്പാക്കണം. അല്ലെങ്കില്‍ ജനം ഇനിയും പഠിപ്പിക്കും. കനത്ത പരാജയമുണ്ടായിട്ടും തോൽവിയെ കുറിച്ച് സ്വയം ആലോചിക്കാനും പിൻമാറി പുതിയ ആളുകൾക്ക് വഴിയൊരുക്കാനുമുള്ള പക്വത ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കാണിക്കാതിരുന്നത് എത്രമേൽ അധികാര ആർത്തിയാണെന്ന് പറയാതിരിക്കാനാവും. പുതിയ രാഷ്ട്രീയം, പുതിയ കാലത്തിനനുസരിച്ചാവണം, ജനങ്ങൾക്കൊപ്പമുള്ളതാവണം. ഭരണപക്ഷത്തിനൊപ്പം പ്രതിപക്ഷത്തിനും തുല്യപങ്കാണ് ജനാധിപത്യത്തിലുള്ളത്. പുതിയ പിണറായിയെ ഇനി സതീശനും കൂട്ടരും എങ്ങനെ നേരിടുമെന്നത് കാണേണ്ടതുണ്ട്. കോൺഗ്രസിലെ എല്ലാക്കാലത്തെയും പോലുള്ള കുതികാൽവെട്ടും തൊഴുത്തിൽക്കുത്തുമായി വഴിമുടക്കികളായി ഗ്രൂപ്പുകളിക്കാർ നിൽക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഇനി നിങ്ങളുടെ സ്ഥാനം ചവറ്റുകുട്ടക്കപ്പുറത്തേക്കാവുമോെയന്നത് കാലം കാണിച്ചു തരും.