എം.ബി രാജേഷ് പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കർ: രാജേഷിന് 96 വോട്ടും വിഷ്ണുനാഥിന് 40 വോട്ടും ലഭിച്ചു,സഭാ അംഗങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനും സർക്കാരിന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതിനും സ്പീക്കർക്ക് കഴിയട്ടെയെന്ന് മുഖ്യമന്ത്രി, ലോകസഭയിലെ അനുഭവം നിയമസഭാ പ്രവർത്തനത്തിന് മുതൽക്കൂട്ടാവുമെന്ന് പ്രതിപക്ഷ നേതാവ്, സഭയുടെ ഔന്നത്യം ഉയർത്തിപ്പിടിക്കുമെന്ന് സ്പീക്കറുടെ മറുപടി

15

സി.പി.എം യുവ നേതാവ് എം.ബി രാജേഷ് പതിനഞ്ചാം നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. പി.സി വിഷ്ണുനാഥ് ആയിരുന്നു യു.ഡി.എഫ് സ്ഥാനാർഥി. എം.ബി രാജേഷിന് 96 വോട്ടും പി.സി വിഷ്ണുനാഥിന് 40 വോട്ടും ലഭിച്ചു. 56 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. ഒരു മണിക്കൂറോളം സമയമെടുത്താണ് വോട്ടെടുപ്പ് പൂർത്തിയാക്കിയത്. മന്ത്രി വി അബ്ദുറഹിമാൻ, കോവളം എം.എൽ.എ എം വിൻസന്റ്, നെന്മാറ എം.എൽ.എ കെ ബാബു എന്നിവർ നിയമസഭയിൽ ഹാജരായിരുന്നില്ല. പ്രോ ടൈം സ്പീക്കറായ പി.ടി.എ റഹീമും വോട്ട് രേഖപ്പെടുത്തിയിരുന്നില്ല. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് സ്പീക്കറെ ഡയസിലേക്ക് ആനയിച്ചു. കേരള നിയമസഭയിലെ 23ാമത് സ്പീക്കറാണ് അദ്ദേഹം. എം.ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രോ ടൈം സ്പീക്കർ സ്ഥാനമൊഴിഞ്ഞു. സഭയുടെ സത്തയും ഉന്നതമൂല്യവും ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുമെന്ന് തെരഞ്ഞെടുക്കപ്പെട്ട ശേഷം സ്പീക്കർ രാജേഷ് പറഞ്ഞു.
ജനാധിപത്യപരമായ നിയമസഭാംഗങ്ങളുടെ കടമ അർത്ഥപൂർണമായി സഭയിൽ നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കാൻ സ്പീക്കർക്ക് കഴിയട്ടെയെന്നും അദ്ദേഹത്തിന് അത് സാധ്യമാകുന്ന തരത്തിൽ എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഭാ അംഗങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനും സർക്കാരിന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതിനും സ്പീക്കർക്ക് കഴിയട്ടെ. സഭയുടെ പൊതുവായ ശബ്ദമാണ് സ്പീക്കറിൽ നിന്ന് ഉയർന്ന് കേൾക്കേണ്ടത്. ആ നിലയ്ക്ക് ശബ്ദമാകാൻ അദ്ദേഹത്തിന് സാധിക്കട്ടെ. ഭരണ-പ്രതിപക്ഷ അംഗങ്ങളിൽ നിന്ന് അദ്ദേഹത്തിന് സഹകരണം ഉണ്ടാകണമെന്ന് സഭയിലെ ഓരോ അംഗത്തെയും ഓർമ്മിപ്പിക്കുന്നതായും മുഖ്യമന്ത്രി അഭിനന്ദനത്തിൽ അറിയിച്ചു. സ്പീക്കർക്ക് പൂർണ്ണ പിന്തുണയുണ്ടാവുമെന്നും ലോകസഭയിലെ അനുഭവം നിയമസഭയുടെ പ്രവർത്തനത്തിൽ ഗുണകരമാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സഭക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന സ്പീക്കറുടെ പരാമർശം വേദനിപ്പിച്ചുവെന്നും, അങ്ങനെയുണ്ടായാൽ പ്രതിപക്ഷത്തിന് മറുപടി പറയേണ്ടി വരുമെന്നും അത് അസ്വാരസ്യത്തിന് ഇടയാക്കുമെന്നും സതീശൻ വിമർശനമുയർത്തി. എന്നാൽ കക്ഷി രാഷ്ട്രീയം പറയുമെന്നല്ല താൻ പറഞ്ഞതെന്നും സാമൂഹ്യ സാംസ്കാരിക വിഷയങ്ങളിൽ അഭിപ്രായമുണ്ടാകുമെന്നാണ് പറഞ്ഞതെന്നും സഭയുടെ ഔന്നത്യം ഉയർത്തിയുള്ള പ്രതികരണമായിരിക്കും ഉണ്ടായിരിക്കുകയെന്നും രാജേഷ് മറുപടി നൽകിയപ്പോൾ പ്രതിപക്ഷ േനതാവ് വി.ഡി.സതീശൻ അടക്കമുള്ളവർ ഡസ്കിൽ കയ്യടിച്ച് അഭിനന്ദനമറിയിച്ചു.