എൻ.എസ്.എസിനെതിരെ സി.പി.എം: സുകുമാരൻ നായരുടേത് രാഷ്ട്രീയം; സി.പി.എം തുറന്നു കാണിക്കും, പലയിടത്തും ബി.ജെ.പിക്ക് യു.ഡി.എഫ് വോട്ട് മറിച്ചു, പാനൂരിലെ കൊലപാതകം പ്രാദേശിക സംഘർഷമെന്നും എ.വിജയരാഘവൻ

6

തെരഞ്ഞെടുപ്പ് നാളിൽ ശബരിമല വിഷയം ഉയർത്തി ആളിക്കത്തിച്ച എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. സുകുമാരന്‍ നായരുടേത് രാഷ്ട്രീയ താൽപ്പര്യമാണെന്നും അത് തുറന്ന് കാണിക്കുമെന്നും വിജയരാഘവൻ പറഞ്ഞു.
സമുദായ നേതാവിന്റെ നിലപാടല്ല സമുദായ അംഗങ്ങള്‍ക്ക് ഉള്ളതെന്ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ തെളിയും. നേരത്തെ തിരഞ്ഞെടുപ്പുകളില്‍ സുകുമാരന്‍ നായര്‍ക്ക് ഇത് വ്യക്തമായതാണ്. എൽ.ഡി.എഫിനെ തോൽപ്പിക്കുക എന്ന രാഷ്ട്രീയ സന്ദേശം കൊടുക്കാനാണ് ശ്രമിച്ചത്. പക്ഷെ അദ്ദേഹത്തിൻറെ നിലപാടിന്റെ കൂടെ സമുദായം നില്‍ക്കില്ലെന്നത് ഈ തെരഞ്ഞെടുപ്പ് ബോധ്യപ്പെടുത്തും. ബി.ജെ.പിക്ക് ഇത്തവണ ഒറ്റ സീറ്റ് പോലും കിട്ടില്ലെന്നും കോൺഗ്രസിന് കനത്ത തിരിച്ചടിയുണ്ടാവുമെന്നും വിജയരാഘവന്‍ പ്രതികരിച്ചു. പാനൂരിലെ കൊലപാതകം രാഷ്ട്രീയമല്ല, പ്രാദേശിക സംഘർഷമാണ്. ഒരു തരത്തിലുള്ള അക്രമവും ഉണ്ടാവരുതെന്നാണ് പാർട്ടി നിലപാടെന്നും വിജയരാഘവൻ പറഞ്ഞു.