ഒല്ലൂരിന്റെ ചരിത്രം തിരുത്തിയ കെ.രാജൻ ഇനി മന്ത്രി: ജി.ആർ അനിൽ, പി.പ്രസാദ്, ജെ. ചിഞ്ചുറാണി എന്നിവർ സി.പി.ഐയുടെ മറ്റ് മന്ത്രിമാർ; ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറാകും

26

തുടർച്ചയായി ആരെയും വിജയിപ്പിച്ച് ചരിത്രമില്ലാത്ത ഒല്ലൂരിൻറെ തെരഞ്ഞെടുപ്പ് പാരമ്പര്യത്തെ തിരുത്തിയ കെ.രാജൻ ഇനി മന്ത്രി. 2016ൽ അന്തിക്കാട്ട് നിന്നും ഒല്ലൂരിലെത്തി മൽസരിച്ച കന്നിയങ്കത്തിൽ സിറ്റിങ് എം.എൽ.എ കോൺഗ്രസിൻറെ എം.പി വിൻസെൻറിനെ തറപറ്റിച്ചാണ് കെ.രാജൻ നിയമസഭയിലെത്തുന്നത്. 13,248 വോട്ടിൻറെ ഭൂരിപക്ഷത്തിലായിരുന്നു അന്നത്തെ വിജയം. ഇടത് സർക്കാരിൽ ഗവ.ചീഫ് വിപ്പ് ആയിരുന്നു. ഇത്തവണ കോൺഗ്രസ് അട്ടിമറിയിലൂടെ വിജയിക്കുമെന്ന് പ്രഖ്യാപിച്ച ഒല്ലൂരിൽ 21,506 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിനാണ് രാജൻ ഒല്ലൂരിന്റെ ചരിത്രം തിരുത്തിയ തുടർ വിജയം നേടിയത്. തുടർ വിജയ ചരിത്രത്തിന് അംഗീകാരം നൽകുകയാണ് സി.പി.ഐയും ഇടതുമുന്നണിയും രാജനെ മന്ത്രിയാക്കുന്നതിലൂടെ. രാജനെ കൂടാതെ ജി.ആർ അനിൽ, പി.പ്രസാദ്, ജെ. ചിഞ്ചുറാണി എന്നിവരാണ് സി.പി.ഐയുടെ മറ്റ് മന്ത്രിമാർ. ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറാകും.