കണക്ക് പുറത്ത് വിട്ട് പിണറായി: ബി.ജെ.പി-യു.ഡി.എഫ് വോട്ട് കച്ചവടം നടന്നു, ബി.ജെ.പി വോട്ട് ലഭിച്ചില്ലായിരുന്നുവെങ്കിൽ യു.ഡി.എഫിന്‍റെ പതനം വലിയതാവുമായിരുന്നു, ബി.ജെ.പിക്ക് അഞ്ച് ലക്ഷം വോട്ടുകൾ കുറഞ്ഞു; ജനവിധി അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും പിണറായി

34

തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-യുഡിഎഫ് വോട്ടുകച്ചവടം നടന്നെന്ന് ആരോപിച്ച് പിണറായി വിജയന്‍. വോട്ടുകച്ചവടത്തിലൂടെ ജനവിധി അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്നും പിണറായി കുറ്റപ്പെടുത്തി. ബി.ജെ.പിക്ക് വോട്ട് കുറഞ്ഞ മണ്ഡലങ്ങളുടെ കണക്ക് പുറത്തുവിട്ടാണ് പിണറായി വിജയന്‍ ആരോപണം ഉന്നയിച്ചത്. തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ആദ്യ മുഖാമുഖത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. നടന്നത് വലിയ വോട്ടുകച്ചവടമാണ്. ഇത്ര വലിയ ചോര്‍ച്ച സമീപകാലത്തുണ്ടായിട്ടില്ല. 2016ല്‍ ബി.ജെ.പിക്ക് 30 ലക്ഷത്തിലേറെ വോട്ട് ലഭിച്ചിരുന്നു. ഇത്തവണ അത് കുറഞ്ഞു. അഞ്ച് ലക്ഷത്തോളം വോട്ടിന്റെ കുറവാണ് ഉണ്ടായത്. വോട്ട് കച്ചവടത്തിനായി ബി.ജെ.പി ആവശ്യം പോലെ പണം ചെലവഴിച്ചു. ഫലം വന്നപ്പോള്‍ 90 ഇടത്ത് ബി.ജെ.പിക്ക് വോട്ട് കുറഞ്ഞെന്നും പിണറായി വിജയന്‍ ആരോപിച്ചു. ബി.ജെ.പി വോട്ടുകള്‍ കച്ചവടത്തിലൂടെ യു.ഡി.എഫിന് വാങ്ങാനായി. വോട്ടുകച്ചവടം നടന്നില്ലായിരുന്നുവെങ്കില്‍ യു.ഡി.എഫ് വലിയ പതനത്തിലെത്തിയേനെ. പത്തോളം സീറ്റുകളില്‍ വോട്ട് മറിച്ചതിലൂടെ യു.ഡി.എഫിന് ജയിക്കാന്‍ കഴിഞ്ഞു. ചില മണ്ഡലങ്ങളിൽ എൽ.ഡി.എഫിന്റെ ഭൂരിപക്ഷം കുറയ്ക്കാനും വോട്ടുകച്ചവടത്തിലൂടെ സാധിച്ചുവെന്നും പിണറായി വിജയന്‍ പറഞ്ഞു.