കനത്ത തോൽവിക്ക് പിന്നാലെ ചേരുന്ന ആദ്യ യു.ഡി.എഫ് യോഗത്തിലും പോര്: മുല്ലപ്പള്ളി രാമചന്ദ്രൻ യോഗത്തിൽ നിന്നും വിട്ടു നിൽക്കുന്നു പങ്കെടുക്കില്ലെന്ന് ചെന്നിത്തലയെയും സതീശനെയും അറിയിച്ചു; കെ.പി.സി.സി ആസ്ഥാനത്തിന് സമീപം കെ.സുധാകരന് വേണ്ടി ബാനറുയർത്തി പ്രതിഷേധം, മാധ്യമങ്ങളോട് പ്രതികരിക്കാതെ നേതാക്കൾ

11

തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം ചേരുന്ന യു.ഡി.എഫ് ഏകോപന സമിതിയുടെ ആദ്യയോഗത്തിലും പോര് അവസാനിക്കുന്നില്ല. യോഗത്തിൽ നിന്നും കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ വിട്ടു നിൽക്കുകയാണ്. കെ.പി.സി.സി പ്രസിഡന്‍റ് എന്ന നിലയിലാണ് മുല്ലപ്പള്ളി യോഗത്തിൽ പങ്കെടുക്കേണ്ടത്. എന്നാൽ സ്ഥാനം ഒഴിയാൻ സന്നദ്ധനാണെന്ന് മുല്ലപ്പള്ളി കോൺഗ്രസ് ഹൈക്കമാന്റിന് കത്ത് നൽകിയിരുന്നു. അതുകൊണ്ട് തന്നെ സ്ഥാനത്ത് തുടരുന്നത് തികച്ചും സാങ്കേതികമായാണെന്ന നിലപാടിലാണ് മുല്ലപ്പള്ളി. യോഗത്തിൽ പങ്കെടുക്കില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും മുല്ലപ്പള്ളി അറിയിച്ചു. എന്നാൽ പുതിയ ആളെ തീരുമാനിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ മുല്ലപ്പള്ളി യോഗത്തിൽ പങ്കെടുക്കേണ്ടതാണെന്ന് നേതാക്കൾ പറയുന്നു. തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ചേരുന്ന ആദ്യ നിര്‍ണ്ണായക യോഗമെന്ന പ്രത്യേകത ഇന്നത്തെ യു.ഡി.എഫ് യോഗത്തിന് ഉണ്ട്. മുന്നണിയെ നയിക്കുന്ന പ്രധാന ഘടകകക്ഷിയെന്ന നിലയിൽ കോൺഗ്രസ് നേതൃത്വത്തിന്റെ ഗ്രൂപ്പ് പോരും ഏകോപനമില്ലായ്മയും ഘടകക്ഷികളുടെ വലിയ അസംതൃപ്തിയിലാണ്. മാത്രമല്ല യു.ഡി.എഫ് ചെയര്‍മാൻ സ്ഥാനത്തേക്ക് ആരെ പരിഗണിക്കും എന്നതടക്കം നിര്‍ണ്ണായക തീരുമാനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. ഇന്ന് യോഗം ചേരാനിരിക്കെ കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിൽ കെ സുധാകരനെ അനുകൂലിച്ച് പോസ്റ്റര്‍ പ്രതിഷേധവും അരങ്ങേറി. സുധാകരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ എന്നാണ് ബാനർ. ഈരാറ്റുപേട്ടയിൽ നിന്നുള്ള മൂന്ന് പ്രവർത്തകരാണ് ബാനറുമായി പ്രതിഷേധത്തിന് എത്തിയത്.