കുട്ടികളുടെ വീടുകളില്‍ മുഖ്യമന്ത്രിയുടെ സന്ദേശം നേരിട്ടെത്തിക്കാന്‍ വിദ്യഭ്യാസ വകുപ്പിന്റെ നിര്‍ദേശം

3

ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികളുടെ വീടുകളില്‍ എല്ലാം മുഖ്യമന്ത്രിയുടെ സന്ദേശം നേരിട്ടെത്തിക്കാന്‍ വിദ്യഭ്യാസ വകുപ്പിന്റെ നിര്‍ദേശം. മുഖ്യമന്ത്രിയുടെ അച്ചടിച്ച സന്ദേശം അധ്യാപകര്‍ എ.ഇ.ഒ. ഓഫീസില്‍ നേരിട്ടെത്തി കൈപ്പറ്റണം. പ്രവേശനോത്സവം ഓണ്‍ലൈന്‍ ആയി നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അപ്പോള്‍ പിന്നെ എന്തിനാണ് അച്ചടിച്ച സന്ദേശം കുട്ടികളുടെ വീട്ടില്‍ നേരിട്ട് എത്തിക്കുന്നതെന്ന ചോദ്യവും അധ്യാപകരുടെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട്. നിര്‍ദേശം രോഗപ്പകര്‍ച്ചയ്ക്ക് കാരണമാകുമോ എന്ന ആശങ്കയിലാണ് അധ്യാപകര്‍. ഇന്ന് അതത് സ്‌കൂളുകളുടെ ചുമതലയുള്ള അധ്യാപകര്‍ എ.ഇ.ഒ. ഓഫീസില്‍ നേരിട്ടെത്തി അച്ചടിച്ച സന്ദേശം വാങ്ങുകയും നാളെ മുതല്‍ എല്ലാ കുട്ടികളുടെയും വീട്ടില്‍ എത്തിക്കാനുമാണ് നിര്‍ദേശം. 
ലോക്ഡൗണും ട്രിപ്പിള്‍ ലോക്ഡൗണും കോവിഡ് മാനദണ്ഡങ്ങളും നിലനില്‍ക്കവേയാണ് നിര്‍ദേശം. നാലുലക്ഷത്തില്‍ അധികം കുട്ടികളുടെ വീടുകളിലേക്ക് സന്ദേശവുമായി പോകുമ്പോള്‍, അത് രോഗപ്പകര്‍ച്ചയ്ക്ക് കാരണമാകാനുള്ള സാധ്യതയാണ് അധ്യാപകര്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രതിപക്ഷ സംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.