കുമരകത്തെ കായൽ സംരക്ഷകൻ രാജപ്പന് അന്താരാഷ്ട്ര പുരസ്കാരം: എല്ലാവർക്കും മാതൃകയായി പ്രകൃതിയുടെ കാവൽക്കാരനെന്ന് മന്ത്രി സജി ചെറിയാന്റെ അഭിനന്ദനം

8

മൻ കി ബാത്തിൽ പ്രധാനമന്ത്രി പരാമർശിച്ച കുമരകത്തെ കായൽ സംരക്ഷകൻ രാജപ്പന് അന്താരാഷ്ട്ര പുരസ്കാരം. ഉപജീവനത്തിനൊപ്പം ജലാശയ സംരക്ഷണവും ജീവിതവ്രതമായി ഏറ്റെടുത്ത രാജപ്പനെത്തേടി തായ്‌വാന്റെ പുരസ്‌കാരമാണ് ലഭിച്ചത്. ആർപ്പൂക്കര പഞ്ചായത്തിലെ മഞ്ചാടിക്കരി നിവാസിയായ എൻ എസ്. രാജപ്പനാണ് തായ്‌വാൻ സുപ്രീം മാസ്റ്റർ ചിങ് ഹായ് ഇന്റർനാഷണലിന്റെ വേൾഡ് പ്രൊട്ടക്ഷൻ അവാർഡ് ലഭിച്ചത്. 10,000 യുഎസ് ഡോളറും (7,30,081 രൂപ) പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
അരയ്ക്കുതാഴേക്ക് തളർന്ന രാജപ്പൻ വള്ളത്തിൽ സഞ്ചരിച്ച് ജലാശങ്ങളിൽ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക്‌ ശേഖരിക്കുന്ന വാർത്ത നേരത്തെ ന്യൂസ് 18 അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ കുപ്പികൾ വിറ്റാണ് അദ്ദേഹം ഉപജീവനത്തിനുള്ള വഴി കണ്ടെത്തുന്നത്. വില്ലൂന്നി സ്വദേശിയായ കെ എസ് നന്ദുവാണ് ചിത്രം എടുക്കുന്നതും മാധ്യമങ്ങളെ അറിയിക്കുന്നതും. പിന്നാലെ വലിയ പരിസ്ഥിതി പ്രവർത്തനമാണ് രാജപ്പൻ നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻകി ബാത്തിൽ പ്രശംസിച്ചിരുന്നു. എല്ലാവർക്കും മാതൃകയായി പ്രകൃതിയുടെ കാവൽക്കാരനെന്ന് മന്ത്രി സജി ചെറിയാൻ അഭിനന്ദിച്ചു.ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിട്ടു പോലും പല പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു കൊണ്ട് പ്രകൃതിയും ഭൂമിയും സംരക്ഷിക്കുന്നതിന് എൻ. എസ് രാജപ്പൻ നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരവും പ്രചോദനകരവുമാണെന്ന് മന്ത്രി സമൂഹമാധ്യമത്തിൽ പങ്കുവെച്ചു.