കൃഷിമന്ത്രിക്ക് അഭിനന്ദനവും പിന്തുണയുമായി തൃശൂർ ജില്ലാ കോൾ കർഷക സംഘം: കർഷകന് വിലയുണ്ടാവണമെങ്കിൽ വിളകൾക്ക് വിലയുണ്ടാവണം; വാക്കിനും നാക്കിനുമപ്പുറത്ത് പ്രവൃത്തിയിൽ ഉണ്ടാകണമെന്ന് കെ.കെ കൊച്ചുമുഹമ്മദ്

148

കൃഷിമന്ത്രി പി.പ്രസാദിന് അഭിനന്ദനവും പിന്തുണയുമായി തൃശൂർ ജില്ലാ കോൾ കർഷക സംഘം. ‘തരിശ് ഭൂമിയെന്നത് കേട്ട് കേൾവിയായി മാറണ’മെന്ന കൃഷിമന്ത്രിയുടെ സ്വപ്നം യഥാർഥ്യമായാൽ ചരിത്രത്തിൽ ഇടം പിടിച്ച ഭരണാധികാരിയായിരിക്കുമെന്നതിൽ തർക്കമില്ലെന്നും തൃശൂർ ജില്ലയിലെ മുപ്പതിനായിരം ഏക്കർ കോൾ കൃഷിയെ പ്രതിനിധാനം ചെയ്യുന്ന ജില്ലാ കോൾ കർഷക സംഘത്തിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും കോൾ കർഷക സംഘം പ്രസിഡണ്ടും കെ.പി.സി.സി ട്രഷററുമായ കെ.കെ.കൊച്ചുമുഹമ്മദ് അഭിനന്ദനമറിയിച്ച പ്രസ്താവനയിൽ പറഞ്ഞു. മനുഷ്യനെ സൃഷ്ട്ടിച്ചത് മണ്ണിൽ നിന്നാണ്. മണ്ണും മനുഷ്യനും തമ്മിൽ പൊക്കിൾകൊടി ബന്ധമാണുള്ളത്. ആ തിരിച്ചറിവിൽ കൂടി മാത്രമേ പ്രഭഞ്ചത്തിന് നിലനിൽപ്പ് ഉള്ളു. രണ്ട് ചാക്ക് നിറയെ സ്വർണ്ണം സൂക്ഷിക്കുന്ന വീട്ടിൽ വിശപ്പ് മാറ്റാനുള്ള ഭക്ഷണവസ്തുക്കൾ ഇല്ലങ്കിലുള്ള അവസ്ഥ ചിന്തിക്കുന്നുണ്ടോ? മണ്ണിൽ നിന്നാണ് ഭഷ്യ വസ്തുക്കൾ ഉണ്ടാകുന്നത്. മണ്ണിനെ സ്നേഹിക്കുന്ന മനുഷ്യ സംസ്കാരം ഉണ്ടാകണം. ഭഷ്യ വസ്തുക്കൾ വിളയിക്കുന്ന മനുഷ്യന് മാന്യത നൽകണം. കൃഷിയിലൂടെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുവാൻ കർഷകരെ പ്രാപ്തരാക്കണം. കൃഷിക്ക് സമൂഹത്തിൽ മാന്യതയും അംഗീകാരവും ഉണ്ടാകണം. അതിന് വിളക്ക് വിലയുണ്ടാകണം. വാക്കിനും നാക്കിനും അപ്പുറത്ത് പ്രവർത്തിയിൽ അതുണ്ടാകണം. കേരളത്തിൽ കുട്ടനാടും പാലക്കാടും കഴിഞ്ഞാൽ നെല്ല് ഉൽപ്പാദിപ്പിക്കുന്ന തൃശൂർ ജില്ലയിൽ ശുദ്ധമായ വായു നൽകുന്നത് കോൾ നിലങ്ങളാണ്. ലോകത്തിലെ കോടാനുകോടി പക്ഷി കൾക്കും ജീവജാലങ്ങൾക്കും താവളമൊരുക്കുന്ന തണ്ണീർ തടങ്ങളെ സംരക്ഷിക്കേണ്ടത് മഹാമാരിയായ കോവിഡ് കാലഘട്ടത്തിൽ ജീവ വായുവിന്റെ വിലയറിഞ്ഞ മനുഷ്യന്റെയും ഭരണാധികാരികളുടെയും പ്രഥമ ബാധ്യതയാണ്. ചളിപുരണ്ട കൈകളെ നെഞ്ചോടു ചേർത്ത് പിടിക്കുന്ന കർമപദ്ധതികൾക്ക് വിജയം നേരുന്നതായും കൊച്ചുമുഹമ്മദ് പ്രസ്താവനയിൽ അറിയിച്ചു.