കെ.സുധാകരനെ വെട്ടാൻ കൊടിക്കുന്നിലിനായി വാദിച്ച് ഗ്രൂപ്പുകൾ

23

കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷിനായി ഗ്രൂപ്പുകളുടെ സമ്മർദ്ദം. കെ സുധാകരനെ അംഗീകരിക്കാനാവില്ലെന്ന് ഗ്രൂപ്പുകൾ ഹൈക്കമാൻഡിനെ അറിയിച്ചു. തോല്‍വി പഠിക്കാന്‍ നിയോഗിച്ച അശോക് ചവാൻ സമിതിക്ക് മുൻപാകെയും ഗ്രൂപ്പുകൾ നിലപാടറിയിച്ചെന്നാണ് സൂചന. കെ.സുധാകരൻ വേണ്ടെന്ന നിലപാടിലുറച്ചാണ് ഗ്രൂപ്പുകൾ. അക്കാര്യത്തിൽ ഉമ്മൻ ചാണ്ടിക്കും, രമേശ് ചെന്നിത്തലക്കും വിരുദ്ധാഭിപ്രായമില്ല. സുധാകരനെ വെട്ടാനാണ് ദളിത് പ്രാതിനിധ്യം കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് വേണമെന്ന നിലപാടുമായി ഗ്രൂപ്പുകൾ ഒന്നിക്കുന്നത്. നിലവിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡൻ്റായ കൊടിക്കുന്നിൽ സുരേഷിന് അധ്യക്ഷനാകാനുള്ള സ്വാഭാവിക അവസരം ഉണ്ടെന്നും നേതാക്കൾ വാദിക്കുന്നു. കെ സുധാകരൻ്റെ പ്രായം, പ്രവർത്തനശൈലി, തീവ്രനിലപാട് തുടങ്ങിയ ഘടകങ്ങൾ ഉയർത്തിയാണ് കൊടിക്കുന്നിൽ സുരേഷിന് വഴിയൊരുക്കാനുള്ള നീക്കം. കണ്ണൂരിലേതടക്കം പാർട്ടിയുടെ മോശം പ്രകടനം ചൂണ്ടിക്കാട്ടി നേതൃ പാടവമില്ലാത്തയാളാണ് സുധാകരനെന്ന് അശോക് ചവാൻ സമിതിക്ക് മുൻപിലും ഗ്രൂപ്പ് നേതാക്കൾ വാദിച്ചിട്ടുണ്ട്. ഇതിനിടെ സോണിയ ഗാന്ധിക്ക് മുൻപിൽ കൊടിക്കുന്നിൽ സുരേഷ് അവസരം ചോദിച്ചതായി വിവരമുണ്ട്. ദളിത് വാദമുയർത്തിയാണ് കൊടിക്കുന്നിലിൻ്റെ നീക്കം. എന്നാൽ ഇനിയും ഉമ്മൻ ചാണ്ടിയേയും, ചെന്നിത്തലയേയും പിണക്കി മുൻപോട്ട് പോകാൻ കഴിയുമോയെന്ന ആശയക്കുഴപ്പം ഹൈക്കമാൻഡിലുണ്ട്. തർക്കം തുടർന്നാൽ രാഹുൽഗാന്ധിയുടെ ഇടപെടൽ നിർണ്ണായകമാവും.