കേന്ദ്ര കാർഷിക നിയമത്തിനെതിരെ സംസ്ഥാനം പ്രമേയം പാസാക്കിയത് ഒറ്റക്കെട്ടായി: ഒ.രാജഗോപാൽ പ്രമേയത്തെ എതിർത്തില്ല

10

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരായ പ്രമേയം നിയമസഭയില്‍ പാസാക്കിയത് ഒറ്റക്കെട്ടായി. ബി.ജെ.പി എംഎല്‍എ ഒ. രാജഗോപാല്‍ പ്രമേയത്തിനെതിരെ ചര്‍ച്ചയില്‍ സംസാരിച്ചുവെങ്കിലും വോട്ടെടുപ്പിന്റെ സമയത്ത് എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. ഇതോടെ പ്രമേയം ഒറ്റക്കെട്ടായി പാസാക്കുന്നതായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രമേയത്തിനെതിരെ ഒ. രാജഗോപാല്‍ വോട്ട് രേഖപ്പെടുത്തുമെന്നായിരുന്നു ബി.ജെ.പി നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ വോട്ടിംഗിലേക്ക് കടന്നപ്പോള്‍ ഒ. രാജഗോപാല്‍ ഒന്നും മിണ്ടാതിരിക്കുകയായിരുന്നു. ഇതോടെ പ്രമേയം സഭ ഒറ്റക്കെട്ടായി പാസാക്കുകയാണെന്ന് സ്പീക്കര്‍ വ്യക്തമാക്കുകയായിരുന്നു. പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക നിയമം രാജ്യത്തെ കര്‍ഷകര്‍ക്ക് എല്ലാ വിധ സംരക്ഷണവും നല്‍കാനുള്ളതാണെന്ന് ഒ. രാജഗോപാല്‍ എം.എല്‍.എ നിയമസഭയില്‍ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ പറഞ്ഞു. കാര്‍ഷിക മേഖലയിലെ ഇടനിലക്കാരെയും കമ്മീഷന്‍ ഏജന്റുമാരെയും ഒഴിവാക്കി കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ എവിടെയും വില്‍ക്കാന്‍ സാധിക്കുന്ന നിയമങ്ങളാണിത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിയമങ്ങള്‍ പാസാക്കിയിട്ടുള്ളതെന്നായിരുന്നു ചർച്ചയിൽ രാജഗോപാലിൻറെ അഭിപ്രായം.