കേരളത്തിലെ കോണ്‍ഗ്രസിനും ഇനി കണ്ണൂർ നായകൻ: കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റായി ഹൈക്കമാന്‍ഡ് പ്രഖ്യപിച്ചു

11

കേരളത്തിലെ കോണ്‍ഗ്രസിനെ ഇനി കെ. സുധാകരന്‍ നയിക്കും. സുധാകരനെ കെ.പി.സി.സി പ്രസിഡന്റായി ഹൈക്കമാന്‍ഡ് പ്രഖ്യപിച്ചു. രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച് കെ. സുധാകരനെ ഹൈക്കമാന്‍ഡിന്റെ തീരുമാനം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലും ഡല്‍ഹിയിലും കേന്ദ്രീകരിച്ച് നടന്ന ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് കെ. സുധാകരന്റെ പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചത്.
താരിഖ് അന്‍വര്‍ നേരത്തെ കേരളത്തിലെ നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന എഴുപത് ശതമാനം നേതാക്കളും കെ സുധാകരന്‍ അധ്യക്ഷനാകട്ടെ എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. സംഘടനയെ ഒറ്റക്കെട്ടായി കൊണ്ടുപോകാന്‍ സുധാകരന് കഴിയുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. കൈകരുത്തിൻറെ രാഷ്ട്രീയം വാഴുന്ന കണ്ണൂരിൽ ജയപരാജയങ്ങൾ ഒരുപോലെ ശീലിച്ച വ്യക്തിയാണ് കെ.സുധാകരൻ. 1996 മുതൽ തുടർച്ചയായി മൂന്ന് തവണ എംഎൽഎ, 2001 ലെ എ.കെ ആൻറണി മന്ത്രിസഭയിൽ വനംപരിസ്ഥിതി, കായികം വകുപ്പുകളുടെ മന്ത്രി, 2009 ലും 2019 ലും ലോക്‌സഭാംഗം. പാർലമെന്ററി രാഷ്ട്രീയത്തിന്റെ അടി തടകൾ എല്ലാം പയറ്റിത്തെളിഞ്ഞ വ്യക്തി.
1948ൽ കണ്ണൂർ നടാലിൽ വി രാവുണ്ണിയുടെയും കെ മാധവിയുടെയും മകനായി ജനനം. കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയപ്രവേശം. തലശ്ശേരി ബ്രണ്ണൻ കോളേജിലെ പഠനം കഴിഞ്ഞ് ജനതാ പാർട്ടിയിൽ ചേർന്നു. 1980ലും 82ലും ജനത പാർട്ടി ടിക്കറ്റിൽ എടക്കാട് അസംബ്ലി മണ്ഡലത്തിൽ നിന്നും മത്സരിച്ചു തോറ്റു. 1984 ൽ ഇടതു പാളയം വിട്ടു കോൺഗ്രസിൽ തിരിച്ചെത്തി. കരുണാകരന്റെ വലംകൈ ആയിരുന്ന എൻ രാമകൃഷ്ണനിൽ നിന്നും കണ്ണൂർ ഡി.സി.സി പിടിച്ചെടുത്തതോടെ കണ്ണൂർ കോൺഗ്രസിൻറെ ശക്തിദുർഗ്ഗമായി. 2014ലെ ലോക്‌സഭ തിരെഞ്ഞെടുപ്പിൽ കണ്ണൂരിലും 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദുമയിലും തോറ്റ ചരിത്രവുമുണ്ട് കെ.സുധാകരന്.

സുധാകരന്റെ രാഷ്ട്രീയ വളർച്ച


കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവേശം
തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം
പിന്നീട് നിയമബിരുദം
1969ൽ കോൺഗ്രസ് രണ്ടായി പിളർന്നപ്പോൾ സംഘടനാ കോൺഗ്രസിന്റെ കൂടെ നിലയുറപ്പിച്ചു
1971ൽ കെ.എസ്.യു(ഒ) സംസ്ഥാന ജനറൽ സെക്രട്ടറി
1973ൽ നാഷണൽ സ്റ്റുഡൻസ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ്
1976ൽ യൂത്ത് കോൺഗ്രസ്(ഒ) സംസ്ഥാന പ്രസിഡന്റ്
1978ൽ സംഘടനാ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ജനതാ പാർട്ടിയിൽ ചേർന്നു
1978 മുതൽ 81 വരെ യുവ ജനതയുടെ സംസ്ഥാന പ്രസിഡന്റ്
1981ൽ ജനതാ പാർട്ടി(ജി) വിഭാഗത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി
1984ൽ കോൺഗ്രസിൽ തിരിച്ചെത്തി
1991 മുതൽ പത്ത് വർഷം കണ്ണൂർ ഡി.സി.സി പ്രസിഡന്റ്
1996ൽ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിൽ
2001, 2006 നിയമസഭാ തെരഞ്ഞടുപ്പുകളിൽ കണ്ണൂരിൽ വിജയമാവർത്തിച്ചു
2001ൽ എ.കെ.ആന്റണി മന്ത്രിസഭയിൽ അംഗമായി
2009ൽ കണ്ണൂരിൽ നിന്ന് ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു
2014 ലോക്‌സഭാ, 2016 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പരാജയം
2018ൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ്
2019ൽ കണ്ണൂരിൽ നിന്ന് വീണ്ടും ലോക്‌സഭാംഗം
2021- കെ.പി.സി.സി അധ്യക്ഷൻ
കെ സുധാകരൻ ബിജെപിയിലേക്കെന്ന് അന്തരീക്ഷത്തിൽ പലക്കുറി പരന്നപ്പോഴും തിരുത്താൻ തിടുക്കം കാട്ടിയില്ല. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ കോൺഗ്രസ് തോറ്റാൽ പ്രവർത്തകർ ബി.ജെ.പിയിലേക്ക് പോകുമെന്ന വാദവും ഏറെ വിവാദമായി.