കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് നീട്ടിവെക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ ഹൈക്കോടതി: മെയ് രണ്ടിനകം രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് നിർദ്ദേശം

7

കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് നീട്ടിവെക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ ഹൈക്കോടതി. മെയ് രണ്ടിനകം രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
നിലവില്‍ ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് മെയ് രണ്ടിനകം തിരഞ്ഞെടുപ്പ് നടത്താനാണ് ഹൈക്കോടതി ഉത്തരവ്. സി.പി.എമ്മും നിയമസഭ സെക്രട്ടറിയും നല്‍കിയ ഹര്‍ജികള്‍ അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. 
നിലവിലുള്ള നിയമസഭാംഗങ്ങള്‍ക്കാണ് വോട്ടവകാശമെന്നും അവരാണ് മൂന്ന് രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കേണ്ടതെന്നുമാണ് ഹൈക്കോടതി വിധിച്ചത്. 
നേരത്തെ ഏപ്രില്‍ 12നാണ് ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്ന ദിവസം തിരഞ്ഞെടുപ്പ് നീട്ടി വെക്കാനുള്ള തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുക്കുകയായിരുന്നു.
ഇതിനെതിരെയാണ് സിപിഎമ്മും നിയമസഭ സെക്രട്ടറിയും ഹൈക്കോടതിയെ സമീപിച്ചതും അനുകൂല ഉത്തരവ് നേടിയതും.