കേരള പൊലീസ് ഫുട്ബോള്‍ ടീമിന്റെ മുന്‍ താരം സി.എ ലിസ്റ്റണ്‍ (54) അന്തരിച്ചു. കേരള പൊലീസില്‍ അസിസ്റ്റന്റ് കമാന്‍ഡന്റായിരുന്നു. തൃശൂരിലായിരുന്നു അന്ത്യം. തൃശൂര്‍ അളഗപ്പ നഗര്‍ സ്വദേശിയായ ലിസ്റ്റന്‍ കേരള പൊലീസ് ഫുട്ബോള്‍ ടീമിന്റെ സുവര്‍ണകാലത്തെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു. ലിസ്റ്റന്റെ ഗോളിലാണ് കേരള പൊലീസ് കണ്ണൂര്‍ ഫെഡറേഷന് കപ്പില്‍ ജേതാക്കളായത്. ജൂനിയര്‍ ഇന്ത്യന്‍ ടീമിനുവേണ്ടിയും അദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്. സത്യനും ഷറഫലിയും കെ ടി ചാക്കോയും തോബിയാസുമെല്ലാമടങ്ങിയ പൊലീസിന്റെ സുവര്‍ണകാലമായിരുന്നു ലിസ്റ്റൻറേത്. വിജയന്- പാപ്പച്ചന്- ലിസ്റ്റന്‍ മുന്നേറ്റ ത്രയമായിരുന്നു ടീമിന്റെ കരുത്ത്. കണ്ണൂര്‍ ഫെഡറേഷന് കപ്പില്‍ മുംബൈ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയെ മുട്ടുകുത്തിച്ച് പോലീസ് കിരീടമണിഞ്ഞത് കലാശപ്പോരില്‍ ലിസ്റ്റണ്‍ നേടിയ ഗോളിന്റ മികവിലായിരുന്നു. 1998 വരെ പൊലീസ് ടീമിന്റെ പ്രധാന സ്ട്രൈക്കര്‍മാരില്‍ ഒരാളായിരുന്നു ലിസ്റ്റണ്‍.