കൊടകരയിൽ കൊള്ളയടിച്ച മൂന്നരക്കോടി ബി.ജെ.പിയുടെ തന്നെ: സംഘടനാ സെക്രട്ടറിയെ മൂന്നര മണിക്കൂർ ചോദ്യം ചെയ്തു: പണമിടപാടിൽ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന്; സംസ്ഥാന നേതാക്കളും കുടുങ്ങും, നാളെ ഓഫീസ് സെക്രട്ടറിയെ ചോദ്യം ചെയ്യും

53

കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേഷിനെ ചോദ്യം ചെയ്തു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത് വിട്ടയച്ചു. ആവശ്യമെങ്കിൽ ഉടൻ തന്നെ വിളിപ്പിക്കുമെന്ന് നിർദ്ദേശിച്ചാണ് വിട്ടയച്ചത്. പണമിടപാടുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചതായാണ് വിവരം. പണം ബി.ജെ.പിയുടെ തന്നെയാണെന്ന സ്ഥിരീകരണത്തിൽ അന്വേഷണ സംഘമെത്തി. സംസ്ഥാന നേതാക്കൾ കുടുങ്ങുന്ന വിധത്തിലുള്ള തെളിവുകൾ ഇതിനകം അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. നേരത്തെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതേ തുടർന്ന് നേരിട്ട് നോട്ടീസ് നൽകിയതിനെ തുടർന്നായിരുന്നു ഗണേഷ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായത്. തൃശൂർ പോലീസ് ക്ലബിലായിരുന്നു ചോദ്യം ചെയ്യൽ. പാർട്ടിയുടെ ഫണ്ട് വിനിയോഗം സംഘടനാ സെക്രട്ടറിയിലൂടെയാണ് നടക്കുക. ഇതിൽ വ്യക്തത വരുത്തലായിരുന്നു ഉദ്ദേശ്യ. സംസ്ഥാന ഓഫീസ് സെക്രട്ടറി ജി. ഗിരീഷ് നാളെ ഹാജരാവുമെന്നാണ് അറിയുന്നത്. ഇന്നലെ ചോദ്യം ചെയ്ത ആർ.എസ്.എസ് പ്രവർത്തകൻ ധർമരാജിൽ നിന്നും ബി.ജെ.പി നേതാക്കളെ ബന്ധിപ്പിക്കുന്ന നിർണായക മൊഴി അന്വേഷണസംഘത്തിന് ലഭിച്ചു. തൃശൂരിൽ മുറിയെടുത്ത് നൽകിയത് ബി.ജെ.പി തൃശൂർ ജില്ലാ ഓഫിസ് സെക്രട്ടറിയാണെന്ന് ധർമരാജ് അന്വേഷണസംഘത്തിന് മൊഴി നൽകി. തൃശൂർ ഓഫീസ് സെക്രട്ടറിയും ജില്ലാ നേതാവുമായ സതീശനെതിരെയാണ് ധർമ്മരാജ് മൊഴി നൽകിയത്. വ്യാഴാഴ്ച ആറര മണിക്കൂറിലധികം നേരം നീണ്ട ചോദ്യം ചെയ്യലിൽ കവർച്ചയിൽ നേതാക്കളെ ബന്ധിപ്പിക്കുന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് നൽകിയത്. തൃശൂരിലെ ലോഡ്ജിൽ താമസ സൗകര്യമൊരുക്കിയത് തൃശൂർ ഓഫീസ് സെക്രട്ടറിയാണെന്ന് ധർമ്മരാജൻ മൊഴി നൽകി. രണ്ട് മുറികൾ എടുത്തിരുന്നതായി നേരത്തെ അന്വേഷണ സംഘത്തിന് ലോഡ്ജ് ജീവനക്കാരന്റെ മൊഴി ലഭിച്ചിരുന്നു. സതീശന്റെ മൊഴിയും അടുത്ത ദിവസം തന്നെ അന്വേഷണസംഘം രേഖപ്പെടുത്തും. ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അതിനിടെ കേസിൽ കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഓരോരുത്തർക്കും 10 ലക്ഷം മുതൽ 25 ലക്ഷം രൂപവരെ പ്രതിഫലം ലഭിച്ചു. പ്രതികൾ കവർച്ചയ്ക്ക് ശേഷം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിച്ചതിന്റെയും ആഡംബര ജീവിതത്തിന്റെയും തെളിവുകൾ ലഭിച്ചതായി അന്വേഷണസംഘം വ്യക്തമാക്കി. കവർച്ചാ പണം ഉപയോ​ഗിച്ച് സ്വർണ്ണവും, കാറും വാങ്ങിയതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതുവരെയായി ഇതുവരെ കണ്ടെത്തിയത് ഒന്നേ കാൽ കോടിയിലധികം കണ്ടെത്തിയിരുന്നു. ഇനിയും പണം കണ്ടെത്താനുണ്ട്. ഇതിനായി പ്രതികളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം സൂചന നൽകി. പ്രതികളുടെ വീട്ടുകാരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തുന്നുണ്ട്.