കൊടകര കുഴൽപ്പണക്കേസിൽ ധർമ്മരാജിനെയും കെ.സുരേന്ദ്രനെയും പിന്തുണച്ച് ബി.ജെ.പി: കുമ്മനത്തെയിറക്കി പ്രതിരോധം, ബി.ജെ.പിയെ കരിവാരിത്തേക്കാൻ ശ്രമമെന്ന് കുമ്മനം രാജശേഖരൻ, പ്രതികൾക്ക് സി.പി.എം-സി.പി.ഐ ബന്ധമുണ്ട്, സർക്കാർ നിർദ്ദേശപ്രകാരമാണ് ബി.ജെ.പിയുടെ യോഗം വിലക്കിയത്, ചോദ്യങ്ങൾക്ക് ഉരുണ്ടുകളിച്ച് മറുപടി നൽകി നേതാക്കൾ, വാർത്താസമ്മേളനത്തിൽ പങ്കെടുക്കാതെ എം.ടി.രമേശ്

14

കുഴല്‍പ്പണകേസിൽ ധർമ്മരാജിനെയും കെ.സുരേന്ദ്രനെയും പിന്തുണച്ച് ബി.ജെ.പി. കേസിൽ ഗൂഡാലോചന പോലീസ് അന്വേഷിക്കുന്നില്ലെന്ന് മുൻ പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പ്രതികള്‍ക്ക് സി.പി.എം സി.പി.ഐ ബന്ധമുണ്ട്. കേസില്‍ സി.പി.എം പ്രവര്‍ത്തകരെ പോലീസ് ചോദ്യം ചെയ്തതിന്‍റെ വിവരങ്ങള്‍ പുറത്തുവിടുന്നില്ല. പക്ഷപാതപരമായ അന്വേഷണമാണ് നടക്കുന്നതെന്നും ബി.ജെ.പിയെ അവഹേളിച്ച് ഒറ്റപ്പെടുത്തി നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കുമ്മനം പറഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് സുരേന്ദ്രന്‍റെ മകനെ ചോദ്യംചെയ്യാന്‍ പോകുന്നത് പാര്‍ട്ടിയെ അവഹേളിക്കാനാണ്. സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ശ്രമം നടക്കുന്നത്. വെല്ലുവിളി പാർട്ടി ഒറ്റക്കെട്ടായി നേരിടും. കോർകമ്മിറ്റി എല്ലാ വിഷയവും വിശദമായി പരിശോധിക്കുമെന്നും കുമ്മനം പറഞ്ഞു. കോര്‍കമ്മിറ്റി യോഗം ഹോട്ടലില്‍ നടത്തുന്നതിന് മുന്‍കൂട്ടി അനുമതി വാങ്ങിയിരുന്നു. എന്നാല്‍ ഹോട്ടലില്‍ യോഗം ചേരുന്നതിന് എതിരെ പോലീസ് നോട്ടീസ് അയച്ചു. സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നാണ് പോലീസ് നോട്ടീസ് നല്‍കിയതെന്നും കുമ്മനം പറഞ്ഞു. ബി.ജെ.പിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും സമാധാനപരമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കുന്നില്ലെന്നും കുമ്മനം പറഞ്ഞു. ഇ.ഡി അന്വേഷിക്കാത്തതെന്തെന്ന ചോദ്യത്തിന് കേന്ദ്ര സഹമന്ത്രി കൂടിയായ വി.മുരളീധരൻ ഇ.ഡിക്ക് കേസെടുക്കാൻ നടപടിക്രമങ്ങളുണ്ടെന്ന ഒഴിഞ്ഞു മാറിയുള്ള മറുപടിയായിരുന്നു നൽകിയത്. കെ.സുരേന്ദ്രനും മുരളീധരനും പി.കെ.കൃഷ്ണദാസും എ.എൻ.രാധാകൃഷ്ണനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തപ്പോൾ എം.ടി.രമേശ് വാർത്താസമ്മേളനത്തിൽ നിന്ന് മാറി നിന്നു.