കോവിഡ് ജാഗ്രത വർധിപ്പിക്കണമെന്ന് ആരോഗ്യ മന്ത്രി: പ്രാദേശിക ലോക്ക് ഡൗൺ വേണ്ടി വരും, സമ്പൂർണ്ണ അടച്ചിടൽ ആലോചിക്കുന്നില്ലെന്നും മന്ത്രി; തൃശൂർ പൂരം ഒഴിവാക്കില്ല, ആൾക്കുട്ടം നിയന്ത്രിക്കാൻ ദേവസ്വം ബോർഡ് ശ്രദ്ധിക്കണമെന്നും കെ.കെ.ശൈലജ

5

സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കോവിഡ് ജാഗ്രത വർധിപ്പിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമമുണ്ടെന്നും രോഗവ്യാപനം കൂടിയാൽ പ്രാദേശികമായി ലോക്ക്ഡൗൺ വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്ത് തലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് ആരോഗ്യ മന്ത്രി നൽകിയിരിക്കുന്ന നിർദേശം. കൊവിഡ് പരിശോധന വർധിപ്പിക്കും. സംസ്ഥാനത്ത് രണ്ട് ദിവസത്തേക്കുള്ള വാക്സിൻ സ്റ്റോക്ക് മാത്രമാണ് നിലവിലുള്ളതെന്നും കൂടുതൽ വാക്‌സിൻ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നോൺ കോവിഡ് ചികിത്സയെ ബാധിക്കാതെ കോവിഡ് ചികിത്സ ക്രമീകരിക്കാൻ ആശുപത്രികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂട്ടായ ആഘോഷ പരിപാടികൾ ഒഴിവാക്കണമെന്നും രോഗവ്യാപനം കൂടിയാൽ പ്രാദേശികമായി ലോക്ഡൗൺ വേണ്ടി വരും. എന്നാൽ പൂർണ്ണമായ അടച്ചിൽ ഇപ്പോൾ ആലോചിക്കുന്നില്ല. ആൾക്കൂട്ടം പരമാവധി ഒഴിവാക്കി തൃശൂർ പൂരം നടത്താൻ ദേവസ്വം ബോർഡ് മുൻകൈ എടുക്കണമെന്നും ഒരുക്കങ്ങൾ പൂർത്തിയായ പശ്ചാത്തലത്തിൽ പൂരം വേണ്ടന്ന് വയ്ക്കില്ലെന്നും മന്ത്രി പറഞ്ഞു.