കോവിഡ് മുന്നണിപ്പോരാളികൾക്ക് അഭിവാദ്യങ്ങളർപ്പിച്ച് മുഖ്യമന്ത്രി, മഹാമാരി മാറും തൊഴിലിടങ്ങൾ സജീവമാകുമെന്ന് പ്രതിപക്ഷ നേതാവ്: മെയ് ദിനാശംസകളുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

7

കോവിഡ് മുന്നണിപ്പോരാളികൾക്ക് അഭിവാദ്യങ്ങളർപ്പിച്ച് മുഖ്യമന്ത്രി, മഹാമാരി മാറും തൊഴിലിടങ്ങൾ സജീവമാകുമെന്ന് പ്രതിപക്ഷ നേതാവ്. ഇരുവരുടെയും മെയ്ദിന സന്ദേശത്തിലാണ് കോവിഡ് മുന്നണി പോരാളികൾക്ക് അഭിവാദ്യങ്ങൾ നേർന്നിരിക്കുന്നത്. കോവിഡ് മഹാമാരിക്കെതിരെ പൊരുതുന്ന ലോകത്തെങ്ങുമുള്ള മുന്നണിപ്പോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ മെയ് ദിനാശംസ. തൊഴിലാളികൾ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങളില്‍ പലതും കവർന്നെടുക്കാൻ ശ്രമം നടക്കുന്ന കാലഘട്ടമാണിതെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി കടന്നാക്രമണങ്ങളെ പ്രതിരോധിക്കാന്‍ തൊഴിലാളി വർഗം ജാഗ്രത പുലർത്തണമെന്നും ഓര്‍മ്മിപ്പിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ തൊഴിലാളി ദിനാശംസ. മതത്തിൻ്റെയും ജാതിയുടെയും പേരിൽ തൊഴിലാളികളുടെ ഐക്യം തകർക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇത്തരം വിഭാഗീയ പ്രവർത്തനങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ തൊഴിലാളികള്‍ ശ്രദ്ധിക്കണം. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ ഏറ്റവുമധികം പ്രയാസം നേരിടുന്നത് തൊഴിലാളികളാണ്. മഹാമാരി നേരിടുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങിയാവട്ടെ ഇത്തവണത്തെ തൊഴിലാളി ദിനം. പിണറായി വിജയന്‍ ആശംസിച്ചു.
മഹാമാരിയിൽ നിന്ന് മുക്തമായ ഒരു ലോകം പടുത്തുയർത്താൻ അത്യധ്വാനം ചെയ്യുകയാണ് തൊഴിലാളികളെന്ന് ചെന്നിത്തല ഓര്‍മിപ്പിച്ചു. രാപ്പകൽ വിശ്രമമറിയാതെ ജോലി ചെയ്യുന്ന അവരോട് നാം എന്നും കടപ്പെട്ടിരിക്കുന്നതായും പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു. കോവിഡ് മഹാമാരി ലോകത്തെ വരിഞ്ഞു മുറുക്കിയപ്പോൾ തൊഴിൽ നഷ്ടപ്പെട്ടവരും നമ്മോടൊപ്പമുണ്ട്. മഹാമാരി മാറും തൊഴിലിടങ്ങൾ സജീവമാകും, ജീവിതങ്ങൾ വീണ്ടും തളിരിടും, ചെന്നിത്തല പ്രത്യാശ പങ്കുവെച്ചു.
ചെന്നിത്തലയുടെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
മഹാമാരിയിൽ നിന്ന് മുക്തമായ ഒരു ലോകം പടുത്തുയർത്താൻ അത്യധ്വാനം ചെയ്യുകയാണ് തൊഴിലാളികൾ. രാപ്പകൽ വിശ്രമമറിയാതെ ജോലി ചെയ്യുന്ന അവരോട് നാം എന്നും കടപ്പെട്ടിരിക്കുന്നു. കോവിഡ്- 19 ലോകത്തെ വരിഞ്ഞു മുറുക്കിയപ്പോൾ തൊഴിൽ നഷ്ടപ്പെട്ടവരും നമ്മോടൊപ്പമുണ്ട്. മഹാമാരി മാറും, തൊഴിലിടങ്ങൾ വീണ്ടും സജീവമാകും, ജീവിതങ്ങൾ വീണ്ടും തളിരിടും… ഇന്ന് അവകാശപോരാട്ടത്തിന്‍റെ സ്മരണ തുടിക്കുന്ന ദിനം, മെയ്ദിനം.. ലോകതൊഴിലാളി ദിനാശംസകൾ